ഡൽഹി: രാജ്യ തലസ്ഥാനത്ത് ട്രാക്ടർ കത്തിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ട്രാക്ടർ കത്തിച്ച സംഭവത്തിൽ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് വെളിവാകുന്നതെന്ന് ധർമ്മേന്ദ്ര പ്രധാൻ ആരോപിച്ചു.കർഷകരുടെ ജീവനോപാധിയാണ് ട്രാക്ടർ. അതു കത്തിക്കുകയെന്നാൽ കർഷകരുടെ ആത്മാഭിമാനത്തെയാണ് കത്തിക്കുന്നതെന്നും ആദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ദീർഘകാലം ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയാണ് കർഷകരുടെ ദുരിതത്തിന് കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കർഷകർക്ക് സ്വാതന്ത്ര്യം നൽകാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് കർഷകരെ തെറ്റിദ്ധരിപ്പിക്കാനും, രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. കർഷകർക്ക് സ്വാതന്ത്ര്യവും സാമ്പത്തിക സ്വാശ്രയത്വവും നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തോട് കോൺഗ്രസ് അസഹിഷ്ണുത പുലർത്തുകയാണെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ത്യഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ചത്. സംഭവത്തിൽ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments