ബ്രസീലിസ: ബ്രസീലിന്റെ അന്താരാഷ്ട്രതാരം നെയ്മര്‍ അത്യുഗ്രന്‍ ഫോമിലാണ്. സീസണിലെ അന്താരാഷ്ട്രമത്സരങ്ങളിലാണ് രാജ്യത്തിനായി നെയ്മര്‍ കളം നിറയുന്നത്. സ്വയം ഗോളടിക്കുന്നതിനൊപ്പം ടീമംഗങ്ങള്‍ക്കെല്ലാം പ്രേരണയും സഹായവും നല്‍കിയാണ് നെയ്മര്‍ മുന്നേറുന്നത്. 103 മത്സരങ്ങളിലായി രാജ്യത്തിനായി 64 ഗോളുകള്‍ നെയ്മര്‍ സ്വന്തമാക്കി.
ഇന്നു നടന്ന പെറുവിനെതിരായ മത്സരത്തില്‍ ഹാട്രിക് തികച്ചാണ് നെയ്മര്‍ തിളങ്ങിയത്. ഹാട്രിക് നേട്ടത്തിലൂടെ നെയ്മര്‍ തകര്‍ത്തത് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോയുടെ റെക്കോഡാണ്. റൊണാള്‍ഡോയുടെ 98 മത്സരങ്ങളിലെ 62 ഗോളുകളെന്ന നേട്ടമാണ് നെയ്മര്‍ മറികടന്നത്. ഇനി പെലെ മാത്രമാണ് നെയ്മറിന് മുന്നിലുള്ളത്.77 ഗോളുകളാണ് പെലെ രാജ്യത്തിനായി അടിച്ചിട്ടുള്ളത്.
ഇതുവരെ സീസണില്‍ കളിച്ച മൂന്നു കളികളിലായി 5 ഗോളുകള്‍ നെയ്മര്‍ നേടിക്കഴിഞ്ഞു. ഇതിനൊപ്പം 3 ഗോളുകള്‍ക്ക് കാരണക്കാരനുമായി. മൊത്തം ടീമിനായുള്ള പ്രകടനത്തില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറി നടത്തിയ നീക്കങ്ങള്‍ മാത്രം 33 എണ്ണമാണ്. ഇതിനിടെ 11 തവണ ഗോളടിക്കാനുള്ള അവസരം ടീമിലെ സഹതാരങ്ങള്‍ക്ക് നല്‍കുന്നതിലും നെയ്മര്‍ മികവുകാട്ടി.
നെയ്മര്‍ സീ സില്വാ സാന്റോസ് ജൂനിയര്‍ എന്ന മുഴുവന്‍ പേരിലറിയപ്പെടുന്ന താരം2010 മുതലാണ് ദേശീയ സീനിയര്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയത്. 2017 മുതല്‍ ഫ്രഞ്ച് ലീഗിലെ പി.എസ്.ജിയുടെ താരമാണ്. ഇതുവരെ 55 മത്സരങ്ങളിലായി 49 ഗോളുകള്‍ പി.എസ്.ജിക്കായി അടിച്ചുകഴിഞ്ഞു.
Comments