ഭോപ്പാൽ : സെൽഫിയെടുക്കുന്നതിനിടെ രണ്ടു പേർ കൊക്കയിൽ വീണു മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഇരുവരേയും കൊക്കയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. ഇതേത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് 31 നായിരുന്നു സംഭവം.
25 വയസ്സുകാരനായ ദിനേശും 22 കാരനായ ബണ്ടി ബറേലയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ ശാന്തിലാലാണ് കൊല നടത്തിയത്. ആഗസ്റ്റ് 31 ന് തന്റെ രണ്ടു സുഹൃത്തുക്കൾ കൊക്കയിൽ വീണു മരിച്ചു എന്ന് ശാന്തിലാൽ തന്നെയാണ് അധികൃതരെ അറിയിക്കുന്നത്. സെൽഫിയെടുക്കുന്നതിനിടെ വഴുതി വീണു എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
എന്നാൽ ശാന്തിലാലിന്റെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ചുരുളഴിഞ്ഞത്. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് 200 ചാക്ക് സിമന്റ് ശാന്തിലാൽ മോഷ്ടിച്ചിരുന്നു. ഇത് ബണ്ടിയേയും ദിനേശിനേയുമാണ് ഏൽപ്പിച്ചത്. സിമന്റ് വിറ്റതിനു ശേഷം തന്റെ പങ്ക് ശാന്തിലാൽ ആവശ്യപ്പെട്ടെങ്കിലും സുഹൃത്തുക്കൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ശാന്തിലാലിനെ ബ്ലാക്ക് മെയിൽ ചെയ്യാനും ആരംഭിച്ചു. ഇതേത്തുടർന്നാണ് സുഹൃത്തുക്കളെ കൊല്ലാൻ ഇയാൾ തീരുമാനിച്ചത്.
ടൂർ പോകാമെന്ന് പറഞ്ഞ് ശാന്തിലാൽ ഇരുവരേയും വിളിച്ച് രാംഗഡ് എന്ന സ്ഥലത്തെത്തുകയും കാഴ്ച്ചകൾ കാണുന്നതിനിടെ ഇവരെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു. നിരന്തരം ചോദ്യം ചെയ്തിട്ടും അവസാനം വരെ അപകടമാണെന്ന് ഉറപ്പിച്ച് പറഞ്ഞ പ്രതി അവസാനം സത്യം പറയുകയായിരുന്നു.
Comments