നവമി ആഘോഷങ്ങളില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് കരിമ്പ്. നവമി പ്രമാണിച്ച് സജീവമായി നടക്കുന്ന ഒന്നാണ് കരിമ്പ് വ്യാപാരം. എന്നാല്‍ കൊറോണ കാരണം ഇത്തവണത്തെ കരിമ്പ് വ്യാപാരത്തിന് അത്ര വളരെ മധുരമില്ല. കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ തരത്തിലുളള ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ നവമി ആഘോഷങ്ങളും ചടങ്ങുകളും വെറും പേരിനു മാത്രമായി മാറിയിരിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ എല്ലാം തന്നെ നവമി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനു ദിവസങ്ങള്‍ മുന്‍പേ തന്നെ കരിമ്പ് വിപണി സജീവമാകുന്നു.ആളുകള്‍ ധാരാളമായി കരിമ്പു വാങ്ങാനായി എത്തുന്നു. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. എല്ലായിടത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നതും ആവശ്യത്തിനു മാത്രമാണ്.
നവമിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള ആഘോഷങ്ങളാണ് നടത്താറുള്ളത്. നവമി സീസണില്‍ ക്ഷേത്ര പരിസരത്ത് ധാരാളമായി ഉണ്ടാകാറുളളത് കരിമ്പും പൊരിയുമാണ്. വിജയ ദശമി ദിവസം പൂജയ്ക്ക് വെച്ച പുസ്തകത്തോടൊപ്പം കരിമ്പും പൊരിയും സ്വന്തമാക്കിയാണ് ഓരോ കുട്ടികളും വീട്ടിലേക്ക് മടങ്ങുന്നത്.
എന്നാല്‍ ഇത്തവണ ക്ഷേത്രങ്ങളിലെ നവമി ആഘോഷങ്ങളെല്ലാം ലളിതം. കൂടാതെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ കൂടി പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങാനും അവിടെ നിന്നും സാധനങ്ങള്‍ വാങ്ങിക്കാനും ആളുകള്‍ മടിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്തിയതിന്റെ പകുതി കരിമ്പ് മാത്രമേ ഇത്തവണ വ്യാപാരത്തിനായി എത്തിയിട്ടുള്ളൂ. എന്നിട്ടും കച്ചവടം നടത്താന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് വ്യാപാരികള്‍. കരിമ്പ് വ്യാപാരികള്‍ പ്രതീക്ഷിച്ച സമയമായിരുന്നു നവമി ആഘോഷം. എന്നാല്‍ കൊറോണ കാലത്തെ എല്ലാ ആഘോഷങ്ങളും കടന്നു പോയതു പോലെ നവമി ആഘോഷവും ഇത്തവണ പേരിനു മാത്രം ഒരു ആഘോഷമായി കടന്നു പോകും
Comments