ദോഹ : ഓരോ ആഴ്ച പിന്നിടുമ്പോഴും ഖത്തറില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെന്നും രാജ്യം സമ്പൂര്‍ണ കോവിഡ് മുക്തിയോട് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ അടുത്തുവരികയാണെന്നും പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. പോയ വാരവും തൊട്ടുമുന്വാരവും(ഒക്ടോബര്‍ 13-26) 100 പരിശോധനകളില്‍ മൂന്നു പേര് വീതമാണ് പോസിറ്റിവ് ആയത്. ഖത്തറില്‍ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നു നിന്നത് മേയ് 26നും ജൂണ്‍ ഒന്നിനും ഇടയിലായിരുന്നു. അന്ന് 38.8 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 6,013 പരിശോധനകളിലായി കോവിഡ് സ്ഥിരീകരിച്ചത് 257 പേര്‍ക്കാണ്. ഇതില്‍ 153 ഖത്തറില്‍ ഉള്ളവരും 104 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ കോവിഡ് രോബാധിതരുടെ ആകെ എണ്ണം 1,31,689 ആയി. ഇന്ന് 274 പേര്‍ക്കു കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തര്‍ 1,28,617 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,842 പേരാണ്. ഇതില്‍ 380 പേര് മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 45 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. ഗുരുതരാവസ്ഥയിലുള്ളത് 40 രോഗികളാണ്. ആകെ കോവിഡ് മരണങ്ങള് 230 ആണ്. രാജ്യാന്തരതലത്തില്‍ തന്നെ വളരെ കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഖത്തറിലേത്. 9,50,031 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്. കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ച അരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
Comments