ലോകത്തേറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് റെക്കോഡുമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ താരമാവുകയാണ് നിലാൻഷി പട്ടേലെന്ന ഇന്ത്യക്കാരി. ആറടിയും ആറേ ദശാംശം ഏഴ് സെന്റിമീറ്ററും നീളമുള്ള മുടിയുമായാണ് നിലാൻഷി ഗിന്നസ് റെക്കോഡ് കൈവശം വച്ചിരിക്കുന്നത്. ഗുജറാത്തിലെ മൊഡാസ സ്വദേശിയാണ് നിലാൻഷി.
ആറുവയസ്സിൽ മുടിവെട്ടിയത് മോശമായതിന്റെ കലിപ്പിലാണ് ഇനിയൊരിക്കലും മുടിവെട്ടില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് നിലാൻഷി പറയുന്നു. മാതാപിതാക്കളും ഇതിനോട് യോജിച്ചു. ഇതിപ്പോൾ തനിക്ക് അനുഗ്രഹമായെന്നും റെക്കോഡുകാരി പറയുന്നു. നിലാൻഷിയേക്കാൾ നീളത്തിലാണ് മുടിയുള്ളത്. അതുകൊണ്ട് തന്നെ ഹൈഹീലുള്ള ചെരുപ്പുപയോഗിച്ചാൽ മാത്രമേ മുടി അഴിച്ചിട്ട് നടക്കാറുള്ളൂ.
ഒന്നരമണിക്കൂർ നീണ്ട പരിചരണമാണ് മുടിക്ക് നൽകുന്നത്. അമ്മ തയ്യാറാക്കുന്ന എണ്ണയാണ് മുടിയിൽ ഉപയോഗിക്കുന്നത്. ഇതിന്റെ കൂട്ട് രഹസ്യമാണെന്ന് ഒരു ചെറു ചിരിയോടെ നിലാൻഷി പറയുന്നു. എറ്റവും നീളം കൂടിയ മുടിയുടെ റെക്കോഡ് നിലവിൽ ചൈനക്കാരിയായ ക്സി ക്യുപിംഗിന്റെ പേരിലാണ്. പതിനെട്ടടി അഞ്ചിഞ്ച് . ഈ റെക്കോഡ് താൻ ഒരിക്കൽ ഭേദിക്കുമെന്നാണ് നിലാൻഷി ആത്മവിശ്വാസത്തോടെ പറയുന്നത്.















