ന്യൂഡൽഹി: ഡൽഹിയിൽ എൻസിആറിൽ പടക്കം പൊട്ടിക്കുന്നതിന് ദേശീയ ഗ്രീൻ ട്രിബ്യൂണലിന്റെ വിലക്ക്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് എൻജിടിയുടെ നിർണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇന്ന് രാത്രി മുതൽ നവംബർ 30 വരെ ഡൽഹി എൻസിആർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പടക്കം പൊട്ടിക്കുന്നത് എൻജിടി പൂർണ്ണമായും നിരോധിച്ചു. ദീപാവലിയോടനുബന്ധിച്ച് കഴിഞ്ഞ വർഷം നവംബറിൽ വായുവിന്റെ ഗുണനിലവാരം മോശമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വായുവിന്റെ ഗുണനിലവാരം മിതമായ നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമെ പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിക്കൂ എന്ന് എൻജിടി ഉത്തരവിൽ വ്യക്തമാക്കുന്നു. അത്തരം സ്ഥലങ്ങളിൽ ദീപാവലി , പൂജ, ക്രിസ്മസ് പോലുള്ള ഉത്സവങ്ങളിൽ 2 മണിക്കൂർ മാത്രം പടക്കം പൊട്ടിക്കാൻ എൻജിടി അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്ത് മറ്റെവിടെയെങ്കിലും പടക്കം നിരോധിക്കുന്നത് സംബന്ധിച്ച തീരുമാനം അതാത് സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ ആശ്രയിച്ചിരിക്കുന്നു എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മലിനീകരണ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന , കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഇതു സംബന്ധിച്ച് തീരുമാനം എടുക്കാം.
പടക്കം പൊട്ടിക്കുന്നത് ഡൽഹി സർക്കാർ നിരോധിച്ചിരുന്നുവെങ്കിലും ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതു സംബന്ധിച്ച് നിരോധന ഉത്തരവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല . അതേസമയം, പടക്കം പൊട്ടിച്ചാൽ കൊറോണ കേസ് കൂടുതൽ വർദ്ധിക്കുമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പഠനങ്ങളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.















