നായ്പീതോ : മ്യാന്മറിലെ രണ്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്ഡെമോക്രസി വീണ്ടും അധികാരത്തിലേറുമെന്ന് സൂചന. ആംഗ് സാന്‍ സൂ കീ യുടെ ഭരണകക്ഷി മികച്ച വിജയമാണ് അവകാശപ്പെടുന്നത്. 642 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടേയുള്ളു. ഫലം പ്രഖ്യാപിച്ച 7 സീറ്റുകളില്‍ 7ഉം എന്‍.എല്‍.ഡി നേടിയിരിക്കുകയാണ്. സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പോരാടിയ എന്‍.എല്‍.ഡി പാര്‍ട്ടി ശക്തമായ ജനവികാരമാണ് ഉയര്‍ത്തിയത്.
റോഹിംഗ്യകള്‍ക്ക് അനുകൂലമായി നടപടി എടുത്തില്ലെന്ന പേരില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ എന്‍. എല്‍. ഡി പക്ഷെ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുമെന്ന അടിസ്ഥാന വിഷയത്തിലൂന്നിയാണ് പ്രചാരണം നടത്തിയത്. പട്ടാള അട്ടിമറിക്ക് വിധേയയായ ആംഗ് സാന്‍ സൂ കീ പക്ഷെ ഭരണാധികാരിയെന്ന നിലയില്‍ അതേ സൈന്യത്തെ ഉപയോഗപ്പെടുത്തി റോഹിംഗ്യകളെ അടിച്ചമര്‍ത്തിയെന്ന ആരോപണത്തിനും തുടര്‍ച്ചയായ രണ്ടാം ജയം കൊണ്ട് മറുപടി നല്‍കുമെന്നാണ് സൂചന.
ആകെ ഭൂരിപക്ഷത്തിനായി വേണ്ട 322 നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് ആംഗ് സാന്‍ സൂ കീയുടെ പാര്‍ട്ടി അവകാശപ്പെടുന്നത്. ഇന്നലെ മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 2015ല്‍ എന്‍.എല്‍.ഡി നേടിയ 390 സീറ്റുകളേക്കാള്‍ അധികം നേടുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ അധോസഭയിലെ 425 സീറ്റുകളില്‍ 315 സീറ്റുകളും ഉപരിസഭയിലെ 217 സീറ്റില്‍ 161 സീറ്റുകളും 2015ല്‍ നേടിയാണ് എന്‍.എല്‍.ഡി ഭരണത്തിലേറിയത്.
Comments