നടു റോഡിൽ ബസ് തടഞ്ഞ് നിർത്തി മോഷണം. കള്ളൻ വോറാരുമല്ല ഒരു കാട്ടാന. റോഡിൽ വെച്ച് ബസ് തടഞ്ഞ് നിർത്തി പഴം കവരുന്ന കാട്ടാനയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. റോഡിന്റെ നടുക്ക് കയറി ബസ് തടഞ്ഞ ശേഷം ഡ്രൈവർ സീറ്റിന്റെ ഇടയിലൂടെയാണ് മോഷണം.
തുമ്പിക്കൈ ഡ്രൈവിംഗ് സീറ്റിന്റെ ഇടയിലൂടെ കയറ്റി അതിവിദഗ്ധമായാണ് കാട്ടാന പഴം കൈക്കലാക്കുന്നത്. ഡ്രൈവറിന്റെ പുറത്ത് കൂടി തുമ്പിക്കൈ അകത്തേക്കിട്ട് പഴം കൈക്കലാക്കാൻ ശ്രമിക്കുന്ന കാട്ടാനയുടെ ശ്രദ്ധ തിരിക്കാൻ യാത്രക്കാർ ശ്രമിക്കുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ പഴം കൈക്കലാക്കാനായിരുന്നു ആനയുടെ ശ്രമം. ആനയുടെ ശ്രദ്ധ മാറ്റാനായി ബസിനുള്ളിൽ നിന്നും ഒരു കവർ പുറത്തേക്കെറിഞ്ഞെങ്കിലും ആന അതൊന്നും ശ്രദ്ധിച്ചതേയില്ല.
ഇതിനിടെ ബസിനുള്ളിലെ പഴമാണ് ആനയുടെ ലക്ഷ്യമെന്ന് മനസിലാക്കിയ യാത്രക്കാരിലൊരാൾ ഓടി വന്ന് പഴമെടുത്ത് ആനയുടെ തുമ്പിക്കൈയ്യിൽ കൊടുത്തു. ആനയുടെ തുമ്പിക്കൈയ്‌ക്കിടയിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് ഓടിച്ച് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.
2018 ൽ ശ്രീലങ്കയിൽ നിന്നും പകർത്തിയ ഈ ദൃശ്യങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായത്.
Amazing / so focused he is ! 😃 https://t.co/x9skKuxjwx
— Naval Bajaj (@navalkbajaj) November 11, 2020















