സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചരിത്രപ്രസിദ്ധമായ പോരാട്ടങ്ങളിലൊന്നായ ആഷസ് പരമ്പരയുടെ 150-ാം വാര്‍ഷിക ടെസ്റ്റ് ഇന്ത്യയില്‍ സംഘടിപ്പിക്കാനുള്ള സാധ്യത തുറന്നിട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയിലെ വന്‍ ക്രിക്കറ്റ് വിപണിയെ മുന്‍നിര്‍ത്തിയാണ് ഓസ്‌ട്രേലിയ ഇത്തരമൊരു ആശയം പരിഗണിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീന്‍ബര്‍ഗ് വ്യക്തമാക്കി.
ആഷസ് വൈരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ പ്രത്യേക ടെസ്റ്റ് മത്സരം നടത്താന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. നിലവില്‍ മത്സരം ഓസ്‌ട്രേലിയയ്‌ക്ക് പുറത്തേക്ക് മാറ്റാനുള്ള ഔദ്യോഗിക പദ്ധതിയില്ലെങ്കിലും, ഇന്ത്യയെ വേദിയാക്കുന്ന സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നാണ് ഗ്രീന്‍ബര്‍ഗിന്റെ പ്രതികരണം.
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെയും വിപണിയെയും കൂടുതല്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഈ ഡിസംബറില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗിലെ മെല്‍ബണ്‍ റെനഗേഡ്‌സും പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും തമ്മിലുള്ള മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ആരാധകരുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
ബിഗ് ബാഷ് മത്സരത്തിന് പിന്നാലെയാണ് ആഷസ് ടെസ്റ്റും ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിശോധിക്കുന്നത്. ഇന്ത്യയില്‍ മത്സരം സംഘടിപ്പിച്ചാല്‍ കൂടുതല്‍ ജനശ്രദ്ധയും വന്‍ സാമ്പത്തിക നേട്ടവും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഓസീസ് ബോര്‍ഡ്.
ഇന്ത്യയുമായും ഇംഗ്ലണ്ടുമായും മികച്ച ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ അന്വേഷിക്കുമെന്നും ഗ്രീന്‍ബര്‍ഗ് പറഞ്ഞു. നിലവില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും എല്ലാ സാധ്യതകളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപകാലത്ത് ആഗോള ക്രിക്കറ്റ് സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ സ്വാധീനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഇന്ത്യഇംഗ്ലണ്ട് പരിമിത ഓവര്‍ പരമ്പര ഇംഗ്ലണ്ട് ക്രിക്കറ്റിന് വന്‍ സാമ്പത്തിക നേട്ടമാണ് സമ്മാനിച്ചത്. അടുത്ത വര്‍ഷത്തെ പുരുഷ-വനിതാ ആഷസ് പരമ്പരയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ത്യഇംഗ്ലണ്ട് മത്സരങ്ങളില്‍ നിന്ന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ആഷസ് ടെസ്റ്റ് സംഘടിപ്പിക്കുന്നത് എളുപ്പമല്ലെന്നും ഗ്രീന്‍ബര്‍ഗ് സമ്മതിച്ചു. അന്താരാഷ്‌ട്ര മത്സര കലണ്ടര്‍, ഐപിഎല്‍, മറ്റ് ആഭ്യന്തര ടൂര്‍ണമെന്റുകള്‍ എന്നിവ കാരണം അനുയോജ്യമായ സമയം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. അടുത്ത വര്‍ഷം കടുത്ത വേനല്‍ ചൂട് ഒഴിവാക്കാന്‍ ഐപിഎല്‍ നേരത്തേ നടത്താനും ബിസിസിഐ ആലോചിക്കുന്ന സാഹചര്യത്തില്‍ ആഷസിന് തീയതി കണ്ടെത്തുക കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.















