തൃശൂർ: പോലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശി മുഹമ്മദ് ഷിഫാനെ (30) മെഡിക്കൽ പരിശോധനയ്‌ക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴായിരുന്നു ഇയാൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
മെഡിക്കൽ പരിശോധനയ്‌ക്ക് മുമ്പ് ഇരുകൈകളിലും ബന്ധിച്ചിരുന്ന കൈവിലങ്ങ് ഒരു കൈയിലേക്ക് മാറ്റുന്നതിനിടെയാണ് ഷിഫാൻ പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്. പോലീസുകാർ പിന്തുടർന്നെങ്കിലും ഇയാളെ ഉടൻ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
സംഭവത്തെ തുടർന്ന് പോലീസിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച പരിശോധിച്ച ശേഷമാണ് നാല് സി.പി.ഒമാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് പുന്നയൂർക്കുളത്തെ ഒരു ബാറിന് മുന്നിൽ മുരിയന്തടം സ്വദേശി വിഷ്ണു യാദവിനെ (24) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് ഷിഫാൻ. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപക അന്വേഷണം തുടരുകയാണ്.















