തിരുവനന്തപുരം: ആത്മവിശ്വാസമുണ്ടെങ്കിൽ എല്ലാ പരിമിതികളെയും നേരിട്ട് വിജയം കൈവരിക്കാം എന്ന് പറയാറുണ്ട്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് ഏത് പരിമിതിയും മറികടക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് അശ്വതി എന്ന വിദ്യാർത്ഥിനി. സംസ്ഥാന എൻട്രൻസ് കമ്മീഷൻ സാങ്കേതിക കാരണം പറഞ്ഞ് റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥിനിയാണ് അശ്വതി. എന്നാൽ ഇപ്പോൾ കേന്ദ്ര പൂളിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിഭാഗത്തിൽ മെഡിക്കൽ പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുകയാണ് ഈ മിടുക്കി.
ജന്മനാ ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടിയാണ് അശ്വതി. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് അശ്വതിയുടേത്. ജനിച്ച ഉടൻ തന്നെ അശ്വതിയ്‌ക്ക് അമ്മയെ നഷ്ടമായി. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അവൾ പഠനത്തിൽ ഒന്നാമതായി. കൈകൾക്കും കാലുകൾക്കും ശേഷിയില്ലാത്ത അശ്വതി പഠനത്തിൽ അധ്യാപകരുടെയും സഹപാഠികളുടേയും മുന്നിൽ അത്ഭുതം തന്നെയായിരുന്നു.
വായനയിലും കവിതയെഴുത്തിലെമെല്ലാം അശ്വതി തന്റെ മികവ് തെളിയിച്ചു. മലയാളം മീഡിയത്തിലായിരുന്നു വിദ്യാഭ്യാസം മുഴുവൻ. ചെറിയച്ഛൻ വിജേഷാണ് അശ്വതിയുടെ ഏക ആശ്രയം. ടാപ്പിംഗ് തൊഴിലാളിയായ അദ്ദേഹമാണ് അശ്വതിയുടെ പഠന കാര്യങ്ങളെല്ലാം നോക്കുന്നത്. സ്വന്തം പരിമിതികൾ മറികടന്ന് ജീവിത വിജയം കൈവരിച്ച അശ്വതി എല്ലാവർക്കും അത്ഭുതവും പ്രചോദനവുമാണ്.















