കൊച്ചി: ക്ലബ്ബിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. അത്യാവേശവും ശബ്ദമുഖരിതവുമായ ക്ലബ്ബ് ആരാധകവൃന്ദത്തെ അവര്‍ എവിടെയായിരുന്നാലും ക്ലബ്ബിനോടും യെല്ലോ ട്രൈബിനോടും അടുപ്പിക്കുന്ന ആപ്ലിക്കേഷനാണിത്.
ക്ലബ്ബിനെ പിന്തുണക്കുന്നവര്‍ക്കായുള്ള ഡിജിറ്റല്‍ വാഗ്ദാനങ്ങളുടെ മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ആപ്ലിക്കേഷന്‍ സ്വീഡിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഫോര്‍സ എഫ്സിയുമായി സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്. ആപ്പിള്‍, ആന്‍ഡ്രോയിഡ് സ്റ്റോറുകളില്‍ ആപ്പ് ലഭിക്കും.
ക്ലബ്ബിന്റെ എക്സ്‌ക്ലൂസീവ് ഉള്ളടക്കങ്ങള്‍, തത്സമയ മാച്ച് അപ്ഡേറ്റുകള്‍, പരിശീലന ദൃശ്യങ്ങള്‍, തിരശീലയ്‌ക്ക് പിന്നിലെ കവറേജ്, ആരാധകരുടെ പ്രിയ താരങ്ങളുടെയും പരിശീലകരുടെയും അഭിമുഖങ്ങള്‍ എന്നിവ കൂടാതെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് പരസ്പരം സംവദിക്കാനും ക്ലബിന് വേണ്ടിയുള്ള അവരുടെ യോജിച്ച വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള അവസരവും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഒരുക്കിയിട്ടുണ്ട്.















