അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാരുടെ പോരാട്ടം കടുക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഒന്നാം ഇന്നിംഗ്‌സില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി കോഹ്‌ലിയെ തുണച്ചു. ഒന്നാം സ്ഥാനത്തുള്ള സ്മിത്തിന്റെ പോയിന്റ് ഇടിയുകയും ചെയ്തു.
കോഹ്‌ലിയും സ്മിത്തും തമ്മില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. 888 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന കോഹ്‌ലി സ്മിത്തുമായുള്ള അന്തരം 21 പോയിന്റാക്കി കുറച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ നേടിയ 74 റണ്‍സ് കോഹ്‌ലിയ്‌ക്ക് 2 പോയിന്റ് നേടിക്കൊടുത്തപ്പോള്‍ സ്മിത്തിന് 10 പോയിന്റാണ് നഷ്ടമായത്. എന്നാല്‍, ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ നിറം മങ്ങിയെങ്കിലും സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണാണ് കോഹ്‌ലിയ്‌ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത്. കോഹ്‌ലിയുമായി വെറും 11 പോയിന്റുകളുടെ വ്യത്യസം മാത്രമാണ് വില്യംസണുള്ളത്. ഓസീസിനെതിരായ അടുത്ത മൂന്ന് മത്സരങ്ങളിലും കോഹ്‌ലി കളിക്കില്ല എന്നത് വില്യംസണ് രണ്ടാം സ്ഥാനത്ത് എത്താന്‍ സഹായകമാകും. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2018-19 ടെസ്റ്റ് പരമ്പര വിജയത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത പൂജാര 8-ാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു. കരിയറിലെ ഏറ്റവും ഉയര്‍ന്ന് പോയിന്റ്(839) സ്വന്തമാക്കിയ മാര്‍ക്കസ് ലബുഷെയ്ന്‍ നാലാം സ്ഥാനം തിരിച്ചുപിടിച്ചു.















