ലണ്ടൻ: ആഗോളതലത്തിൽ കൊറോണ വ്യാപനം കുറയുന്നതിനിടെ ബ്രിട്ടണിലെ വൈറസിന്റെ ജനിതകമാറ്റത്തിൽ ജാഗ്രതയോടെ ലോകം. ബ്രിട്ടണിലേക്കുള്ള വിമാനങ്ങൾ മുൻകരുതലെന്നോണം താൽക്കാലികമായി നിർത്തിക്കൊണ്ടാണ് വിവിധ രാജ്യങ്ങളുടെ പ്രതികരണം.
യൂറോപ്പ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങൾ ബ്രിട്ടണിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ തായാണ് വിവരം. ജർമ്മനിയാണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യം വിമാന സേവനം തൽക്കാലത്തേക്ക് നിർത്തിയത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയും തുർക്കിയും വിമാന സേവനം നിർത്തിവെച്ചിരുന്നു. ആദ്യം ഒരാഴ്ചയെന്ന് തീരുമാനിച്ച നടപടി വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായാണ് വിവരം. ഒപ്പം ബ്രിട്ടനിൽ നിന്ന് സ്വരാജ്യത്തേക്ക് എത്തിയവർ രണ്ടാഴ്ചത്തേക്ക് നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്നാണ് തീരുമാനം.
ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനസേവനം താൽക്കാലികമായി നിർത്തിയതായി അറേബ് രാജ്യങ്ങൾ അറിയിച്ചു. സ്പെയിൻ പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യം യൂറോപ്പ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.















