ജിബൂട്ടി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു. 305 പേരുമായി യാത്ര ചെയ്ത ബോട്ട് ഒബോക്കിന് വടക്കുള്ള ഗുഹെറെ തീരത്തിന് സമീപമാണ് മുങ്ങിയതെന്ന് അന്താരാഷ്‌ട്ര കുടിയേറ്റ സംഘടനയായ ഐഒഎം അറിയിച്ചു. അപകടത്തില്‍പ്പെട്ട 84 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച രാത്രി യാത്ര തുടങ്ങിയതിന് പിന്നാലെ തീരത്തോട് ചേര്‍ന്നാണ് ബോട്ട് മുങ്ങിയത്. നിലവില്‍ ഔദ്യോഗിക മരണസംഖ്യ 139 ആണ്. എന്നാല്‍, പ്രാദേശിക അധികൃതര്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ മാത്രമാണ് ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജിബൂട്ടിയിലെ ഐഒഎം മിഷന്‍ മേധാവി അലക്‌സാണ്ടര്‍ കൊയ്‌സാക് വ്യക്തമാക്കി. മറ്റു ചിലരുടെ മൃതദേഹങ്ങള്‍ കുടിയേറ്റക്കാര്‍ തന്നെ സംസ്‌കരിച്ചതായും അദ്ദേഹം അറിയിച്ചു.
അപകടത്തില്‍നിന്ന് 80-ലേറെ പേരെ രക്ഷപ്പെടുത്തി. ഇവരെല്ലാം എത്യോപ്യന്‍ പൗരന്മാരാണ്. രക്ഷപ്പെട്ടവരെ ഒബോക്കിലെ ഐഒഎം രക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ ഇവര്‍ക്ക് വൈദ്യസഹായവും മാനസിക പിന്തുണയും നല്‍കിവരികയാണ്. ജിബൂട്ടിയില്‍നിന്ന് യെമനിലേക്ക് ബാബ് അല്‍ മന്ദബ് കടലിടുക്ക് കടന്നുപോകുകയായിരുന്നു ബോട്ട്. ആഫ്രിക്കന്‍ കൊമ്പ് മേഖലയിലെ രാജ്യങ്ങളില്‍നിന്ന് തൊഴിലും സുരക്ഷിതജീവിതവും തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്രധാന കുടിയേറ്റ പാതയാണിത്. എന്നാല്‍, കടല്‍യാത്ര ഏറെ അപകടകരമാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഐഒഎമ്മിന്റെ മിസിങ് മൈഗ്രന്റ്‌സ് പ്രോജക്ടിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം മാത്രം ഈ പാതയില്‍ 900-ലേറെ കുടിയേറ്റക്കാര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ജിബൂട്ടി തീരത്തെ പുതിയ ദുരന്തത്തെ തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.















