യുഎഇ: ഐസിസിയുടെ ദശകത്തിലെ മികച്ച ഏകദിന താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. 2010 മുതൽ 2020 വരെയുള്ള പത്ത് വർഷക്കാലത്തെ മികച്ച പ്രകടനം പരിഗണിച്ചാണ് കോലിയെ ദശകത്തിലെ മികച്ച ഏകദിന പുരുഷ ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത്. ഈ ദശകത്തിനിടെ ഏകദിനത്തിൽ പതിനായിരത്തിലധികം റൺസ് നേടിയ ഏക താരമാണ് വിരാട് കോലി.
38 സെഞ്ചുറികൾ, 48 അർദ്ധ സെഞ്ചുറികൾ, 112 ക്യാച്ചുകൾ എന്നിവയാണ് കോലിയുടെ സമ്പാദ്യം. 60.83 ശരാശരിയോടെയാണ് ഈ ദശകത്തിൽ കോലി പതിനായിരത്തിലേറെ ഏകദിന റൺസാണ് സ്വന്തമാക്കിയത്. മികച്ച ഏകദിന താരമാകാനുള്ള മത്സരത്തിൽ മുൻ ക്യാപ്റ്റൻ എംഎസ് ധോനിയും ഓപ്പണർ രോഹിത് ശർമ്മയും കോലിക്കൊപ്പമുണ്ടായിരുന്നു.
കോലിയെ ടെസ്റ്റ് ടീമിന്റെ നായകനായും തെരഞ്ഞെടുത്തു. വിരാട് കോലി, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ഈ ദശകത്തിലെ ടെസ്റ്റ് ടീമിൽ ഇടം നേടിയ ഇന്ത്യക്കാർ. അതേസയമം ഏകദിന ടി-20 ടീമുകൾക്കുള്ള ക്യാപ്റ്റൻ എംഎസ് ധോനിയാണ്. രോഹിത് ശർമ, കോലി, ധോണി, ജസ്പ്രീത് ബുംറ എന്നിവരാണ് ഏകദിന ഫോർമാറ്റുകളിൽ ഇടംനേടിയ ഇന്ത്യൻ കളിക്കാർ. അശ്വിൻ, കോലി എന്നിവരാണ് ടെസ്റ്റ് ടീമിലെ ഇന്ത്യൻ സാന്നിധ്യം















