മെൽബൺ : ഓസ്ട്രേലിയൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ ബാറ്റിംഗിന് കൂടുതൽ കരുത്ത് പകരാൻ ഹിറ്റ്മാൻ രോഹിത് ശർമ്മ ഇന്നെത്തും. പരിക്കിൽ നിന്ന് മുക്തനായ ഓസ്ട്രേലിയയിലെത്തിയ താരം ക്വാറന്റൈനിലായിരുന്നു. ഇത് പൂർത്തിയാക്കിയ രോഹിത്ത് ഇന്ന് ടീമ ഇന്ത്യയുടെ പരിശീലന ക്യാമ്പിൽ ജോയിൻ ചെയ്യും. രണ്ടാം ടെസ്റ്റിൽ കോഹ് ലിയില്ലാതെ ജയിച്ച ഇന്ത്യൻ ടീമിന് രോഹിത്തിന്റെ വരവ് കൂടുതൽ കരുത്ത് നൽകും.
ശാരീരികമായി എന്താണ് രോഹിത്തിന്റെ അവസ്ഥയെന്ന് നിരീക്ഷിക്കുമെന്ന് ടീം പരിശീലകൻ രവിശാസ്ത്രി വ്യക്തമാക്കി. നീണ്ടകാല ക്വാറന്റൈന് ശേഷമാണ് അവന്‍ വരുന്നത്. ടീമിലേക്ക് ഉള്‍പ്പെടുത്തുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തുമെന്നും രവിശാസ്ത്രി പറഞ്ഞു. രോഹിതിന്റെ തിരിച്ചുവരവില്‍ ടീമിലെ എല്ലാവരും സന്തോഷത്തിലാണെന്നാണ് നായകൻ അജിങ്ക്യ രഹാനെ പ്രതികരിച്ചത്. അവനോട് സംസാരിച്ചിരുന്നു. ടീമിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുകയാണ് അവനെന്നും രഹാനെ പറഞ്ഞു.
ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത്തിനെ ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലായിരുന്ന രോഹിത് അവിടെ ഫിറ്റ്‌നസ് തെളിയിച്ചതോടെയാണ് ഓസ്‌ട്രേലിയയിലേക്ക് പറന്നത്.
മൂന്നാം ടെസ്റ്റിൽ, കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ചെറിയ ചില മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത. മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയാവും രോഹിത് ശര്‍മ്മയെ പരിഗണിക്കുക. ഹനുമ വിഹാരിക്ക് പകരം മധ്യനിരയില്‍ കെ എല്‍ രാഹുലും എത്താന്‍ സാധ്യതയുണ്ട്. പരിക്കേറ്റ ഉമേഷ് യാദവ് മൂന്നാം മത്സരത്തില്‍ കളിക്കില്ല. പകരം നവദീപ് സെയ്നിയോ നടരാജനോ അവസാന ഇലവനിൽ സ്ഥാനം പിടിച്ചേക്കും.
ജനുവരി ഏഴ് മുതൽ സിഡ്നിയിലാണ് അടുത്ത മത്സരം. നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ അടുത്ത മത്സരം ഇന്യയ്‌ക്കും ഓസിസിനും ഒരുപോലെ നിർണായകമാണ്.















