ന്യൂഡല്‍ഹി: പുതിയ പ്രതീക്ഷയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. കൊറോണ വൈറസ് വ്യാപനം പുതുവത്സരാഘോഷങ്ങളുടെ പൊലിമ കുറച്ചെങ്കിലും നിയന്ത്രണങ്ങള്‍ക്കുളളില്‍ നിന്ന് ലോകജനത പുതുവത്സരത്തെ സ്വാഗതം ചെയ്തു. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നീട് ന്യൂസിലാന്റിലും പുതു വര്‍ഷം വരവറിയിച്ചു.
കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പൊതുവായ കൂട്ടായ്മകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ബീച്ചുകളിലും റെസ്റ്റോറന്റുകളിലും ഉള്‍പ്പെടെ ഇക്കുറി കാര്യമായ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും കൊറോണ വാക്‌സിന്‍ ഉള്‍പ്പെടെയുളള ശുഭപ്രതീക്ഷയിലാണ് ലോകജനത പുതുവത്സരത്തെ വരവേറ്റത്. കേരളത്തില്‍ പതിവായി ആഘോഷങ്ങള്‍ നടന്നിരുന്ന വേദികളില്‍ മിക്കതും ഇക്കുറി വിജനമായിരുന്നു. എങ്കിലും ആള്‍ക്കൂട്ടമൊഴിവാക്കി ആകാശത്ത് വര്‍ണക്കാഴ്ചകള്‍ തീര്‍ത്ത കരിമരുന്ന് പ്രയോഗത്തിലൂടെയും മറ്റും പുതുവത്സരപ്പിറവി കേരളവും ആഘോഷമാക്കി.
നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ വീടുകളിലിരുന്ന് ദീപാലാങ്കാരങ്ങള്‍ തെളിയിച്ചും മധുരം പങ്കുവെച്ചും പുതുവര്‍ഷം ആഘോഷിച്ചവരുമുണ്ട്. ലോകരാജ്യങ്ങളില്‍ പലയിടത്തും കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയിരുന്നു. സിഡ്‌നിയിലും ന്യൂയോര്‍ക്കിലും ഉള്‍പ്പെടെ ഈ വിലക്കുകള്‍ നിലവില്‍ ഉണ്ടായിരുന്നു. ഫ്രാന്‍സ് പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ലക്ഷത്തോളം പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. വിവിധ രാജ്യങ്ങളുടെ ഭരണകര്‍ത്താക്കളും ലോകനേതാക്കളും ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു
Comments