സിഡ്‌നി: മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ഏറെ പ്രതീക്ഷയോടെ ഇറക്കിയ ഡേവിഡ് വാർണർ തുടർച്ചയായി രണ്ടാം ഇന്നിംഗ്‌സിലും നേരത്തെ പുറത്തായി. ഇന്ത്യൻ സ്പിൻ കരുത്ത് രവിചന്ദ്രൻ അശ്വിന് മുന്നിലാണ് വാർണർ വീണത്. 13 റൺസ് നേടിയ വാർണർ അശ്വിനെ സ്വീപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്തായത്.
ഇന്ത്യ-ഓസീസ് പോരാട്ടങ്ങളിൽ അശ്വിന് മുന്നിൽ പത്താം തവണ കീഴടങ്ങിയെന്ന അപൂർവ്വതയും വാർണർ സ്വന്തമാക്കി. ടെസ്റ്റിൽ ഏറ്റവുമധികം തവണ അശ്വിൻ പുറത്താക്കിയ ബാറ്റ്‌സ്മാനും ഓസ്‌ട്രേലിയൻ ബാറ്റിംഗ് കരുത്താനായ വാർണറാണ്. ആദ്യ ഇന്നിംഗ്സിൽ വാർണർ വെറും അഞ്ച് റണ്‍സെടുത്താണ് മടങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ മുഹമ്മദ് സിറാജാണ് വാർണറെ വീഴ്‌ത്തിയത്.















