ബാഴ്‌സലോണ: സ്പാനിഷ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഗ്രാനഡയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ തകർത്തത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരങ്ങളായ ലയണൽ മെസിയുടെയും അന്റോയിൻ ഗ്രീസ്മാന്റെയും പ്രകടനമാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായത്.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 12-ാം മിനിട്ടിൽ ഗ്രീസ്മാനാണ് ബാഴ്‌സയുടെ ഗോൾ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ഓഫ് സൈഡെന്ന് തോന്നിപ്പിച്ചെങ്കിലും കൃത്യമായ പൊസിഷനിംഗിലൂടെ ഗ്രീസ്മാൻ ഗ്രാനഡയുടെ വല കുലുക്കി. 35-ാം മിനിട്ടിൽ ഗ്രീസ്മാൻ നൽകിയ പാസ് വലയിലാക്കി മെസി ഗോൾ നേടി. വെറും 7 മിനിട്ടുകൾക്ക് ശേഷം ബോക്‌സിന് പുറത്തുനിന്നും ലഭിച്ച ഫ്രീകിക്ക് അവിശ്വസനീയമായാണ് മെസി ഗോളാക്കി മാറ്റിയത്. പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി മെസി നേടിയ ഗോൾ താരം ഫോമിലേയ്‌ക്ക് ഉയർന്നതിന്റെ ലക്ഷണമായിരുന്നു.
63-ാം മിനിട്ടിൽ ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്നും ഗ്രീസ്മാൻ വലം കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോളായി മാറിയതോടെ ബാഴസ വിജയമുറപ്പിച്ചു. ഇതോടെ 65-ാം മിനിട്ടിൽ മെസിയെ തിരികെ വിളിച്ച പരിശീലകൻ യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകി. 78-ാം മിനിട്ടിൽ ഗ്രാനഡയുടെ ജീസസ് വല്ലേഹൊ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.
ജയത്തോടെ പോയിന്റ് പട്ടികയിൽ വൻ തിരിച്ചുവരവാണ് ബാഴ്‌സലോണ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റയലിന്റെ മത്സരം സമനിലയിലാകുകയും ചെയ്തു. നിലവിൽ 15 കളികളിൽ 38 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 18 കളികളിൽ 37 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും അത്ര തന്നെ കളികളിൽ നിന്നും 34 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്തുമാണ്.















