ലണ്ടൻ: ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നും കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
2020 ഡിസംബർ 14 നാണ് ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച വൈറസ് വകഭേദത്തെപ്പറ്റി ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മറ്റ് വൈറസുകളെ അപേക്ഷിച്ച് രോഗവ്യാപന ശേഷി കൂടുതലാണെന്നതാണ് ഈ വകഭേദത്തിന്റെ പ്രത്യേകത. ദക്ഷിണാഫ്രിക്കയിൽ ഡിസംബർ 18 നാണ് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനത്തിൽ പുതിയ വകഭേദം മുൻപുള്ളതിനേക്കാൾ അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ തീവ്ര രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നതിന് തെളിവുകളില്ല. അതേസമയം ഇവ രോഗബാധിതരുടെ എണ്ണം വർധിപ്പിക്കുകയും ആരോഗ്യ പരിപാലന സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.
Comments