തിരുവനന്തപുരം: കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ തീയേറ്ററുകൾ ഈ മാസം മുതൽ തുറന്നു പ്രവർത്തിക്കുകയാണ്. തമിഴ് ചിത്രം മാസ്റ്ററാണ് ആദ്യം തീയേറ്ററിൽ എത്തിയത്. ജയസൂര്യയുടെ വെള്ളം ആണ് കേരളത്തിലിറങ്ങിയ മലയാള ചിത്രം. തീയേറ്ററുകൾ തുറന്നു പ്രവർത്തിച്ചതോടെ സിനിമാ പ്രവർത്തകരും പ്രേമികളും ഏറെ പ്രതീക്ഷയിലാണ്. ലോക്ഡൗണിനെ തുടർന്ന് പ്രദർശനം മാറ്റിവച്ച ഒരുപാട് മലയാള സിനിമകൾ വീണ്ടും റിലീസിനൊരുങ്ങുകയാണ്. അതിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ചിത്രം മാർച്ച 26ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മരക്കാറിന്റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റിവച്ചതായാണ് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മരക്കാർ ഓണത്തിനായിരിക്കും തീയേറ്ററുകളിലെത്തുക. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചില പ്രതിസന്ധികൾ പരിഹരിക്കാനുണ്ടെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
അതേസമയം മോഹൻലാലിന്റെ പുതിയ ചിത്രം ആറാട്ട് ഓഗസ്റ്റിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 12ന് തീയേറ്ററുകളിലെത്തുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ബി ഉണ്ണിക്കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായിക. ആറാട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.















