ന്യൂഡൽഹി : സിക്കിമിലെ നാകുലയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ ചൈന സൈനികർ തമ്മിൽ സംഘർഷം നടന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള സ്ഥിതി മാറ്റിമറിയ്ക്കാനുള്ള ചൈനീസ് സൈനികരുടെ ശ്രമങ്ങൾക്ക് ഇന്ത്യൻ സൈന്യം തടയിട്ടു. സംഘർഷത്തിൽ ചൈനയുടെ 20 പട്ടാളക്കാർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. സൈന്യം ഇതുവരെ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ദിവസം മുൻപാണ് സംഘർഷം നടന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ഭാഗത്ത് നാലു സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അതിർത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സൈനികർ എത്തിയതെന്നാണ് സൂചന. എന്നാൽ ഇന്ത്യൻ സൈനികർ ഇത് തടയുകയും ചൈനീസ് സൈനികരെ തുരത്തിയോടിക്കുകയുമായിരുന്നു. സംഘർഷത്തിന്റെ വീഡിയോ ഇന്ത്യ ടുഡേ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടയുകയും അടിച്ചോടിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ജനുവരി 22 ലേതെന്നാണ് സൂചന.
Comments