കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനാണ് മംഗലാംകുന്ന് കർണൻ. സൂപ്പർതാര പരിവേഷമുള്ള കർണന്റെ വിടപറച്ചിൽ ആനപ്രേമികളെ സംബന്ധിച്ചടുത്തോളം വലിയ വേദനായായിരുന്നു. ഉത്സവ പറമ്പുകളിൽ മാത്രമല്ല സിനിമകളിലും താരമാണ് മംഗലാംകുന്ന് കർണൻ.
നരസിംഹത്തിൽ പ്രിയതാരം മോഹൻലാലിനൊപ്പം കർണൻ അഭിനയിച്ചിട്ടുണ്ട്. ജയറാം ചിത്രം കഥാനായകനിലും മണിരത്‌നത്തിന്റെ ദിൽസെയിലും കർണന്റെ തലപ്പൊക്കം കാണാം. ദിൽസെയിലെ സൂപ്പർഹിറ്റ് ഗാനം ജിയാ ജലേയിൽ കർണൻ പ്രത്യക്ഷപ്പെടുന്നത് ഷാരൂഖ് ഖാനും പ്രീതി സിന്റയ്‌ക്കും ഒപ്പമാണ്. പരസ്യ ചിത്രങ്ങളിലും മംഗലാംകുന്ന് കർണൻ പ്രത്യക്ഷപ്പെടുന്നുണ്ട്.
1963ൽ ബിഹാറിലായിരുന്നു ജനനം. 1991ൽ വാരണാസിയിൽ നിന്നാണ് കർണൻ കേരളത്തിലെത്തുന്നത്. കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. ഇഷ്ടക്കാർ കർണാപ്പിയെന്നാണ് കർണനെ വിളിക്കുക. സിനിമാ താരങ്ങളും കർണന് അന്ത്യാജ്ഞലി അർപ്പിച്ചെത്തിയിരുന്നു.















