ന്യൂഡൽഹി: ഓസീസ് ബാറ്റിംഗ് നിരയ്‌ക്ക് നേരെ തീപാറുന്ന ബൗളിംഗ് നടത്തിയ മുഹമ്മദ് സിറാജ് ഇന്ത്യൻ മണ്ണിൽ ഇഷാന്തിനൊപ്പം കളിക്കാൻ പോകുന്ന ആവേശത്തിലാണ്. ഇന്ത്യൻ നിരയിൽ ഇഷാന്തിന്റെ ആക്രമണം എന്നും പ്രചോദനമാണ്. അതുപോലെ പന്തെറിയാനുള്ള ക്ഷമത നേടണമെന്നാണ് മുഹമ്മദ് സിറാജ് പറയുന്നത്.
സിറാജിന്റെ കരുത്തിനെ പ്രശംസിച്ച് രവിശാസ്ത്രിയുടെ ട്വിറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് സീനിയർ താരങ്ങൾക്കൊപ്പം പന്തെറിയാനുള്ള അവസരം കാത്തിരിക്കുന്നുവെന്ന് സിറാജ് പറഞ്ഞത്. 26കാരനായ സിറാജ് തന്റെ അരങ്ങേറ്റ മത്സരമുൾപ്പടെ ഓസീസിനെതിരെ 3 ടെസ്റ്റുകളിലുമായി 13 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതിൽ സ്വപ്‌നതുല്യമായ അഞ്ച് വിക്കറ്റ് നേട്ടവുമുണ്ട്.
‘ഞാനെന്റെ രാജ്യത്തിനായി കളിക്കാനാഗ്രഹിക്കുന്നു. ഇംഗ്ലണ്ടിനെതിരേയും പരമ്പര നേടാൻ ഇന്ത്യൻ ടീമിന് കരുത്തുപകരണം. ഓസീസ് പരമ്പര എനിക്ക് വലിയ ഒരു അവസരം നൽകി. ഇംഗ്ലണ്ടിനെതിരേയും മികച്ച പ്രകടനം പുറത്തെടുക്കും.’ സിറാജ് പറഞ്ഞു.















