കൊച്ചി: കൊച്ചിയിൽ പ്രവർത്തിക്കുന്ന ടോണി ആൻഡ് ഗൈയിലെ ഹെയർ സ്‌റ്റൈലിസ്റ്റ് ഉണ്ണി ലാലിന്റെ വേറിട്ട അനുഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉണ്ണി പലരുടേയും മുടിയിലും താടിയിലും പരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ തൊട്ടുമുൻപിൽ ഇഷ്ടതാരം വന്നുനിന്നാൽ എങ്ങനെ ഞെട്ടാതിരിക്കും? തന്റെ മുൻപിൽ മോഹൻലാൽ വന്ന അനുഭവം പറയുകയാണ് ഉണ്ണി.
ലാലേട്ടൻ ഉണ്ണിയോട് പറഞ്ഞത് താടിയൊന്ന് അൽപ്പം സ്റ്റൈലാക്കി തരാൻ മാത്രമാണ്. സിനിമയിൽ മാത്രം കണ്ടിട്ടുള്ള ലാലേട്ടനെ നേരിൽ കണ്ടതിന്റെ ആവേശം ഒരു ഭാഗത്ത്. മറു ഭാഗത്ത് നന്നായി ചെയ്യാൻ സാധിക്കണേ എന്ന പ്രാർത്ഥനയും. പേടിയൊക്കെ ലാലേട്ടൻ തന്നെ മാറ്റിയെന്നാണ് ഉണ്ണി പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം തിരികെ പോയതെന്നും ഉണ്ണി പറഞ്ഞു.
മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ടോണി ഗൈ എന്ന ബ്രാൻഡിന്റെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് സ്ഥാപനം നടത്തുന്നത്. ആറാട്ടിന്റെ ഊട്ടിയിലെ ചിത്രീകരണം പൂർത്തിയായ ശേഷം കൊച്ചിയിലെത്തിയതായിരുന്നു മോഹൻലാൽ. ക്ലൈമാക്‌സ് ചിത്രീകരണത്തിനായാണ് കൊച്ചിയിലെത്തിയത്.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ഉദയ കൃഷ്ണയാണ്. 18 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായിക. ഒരു പ്രത്യേക ചുമതല നിർവ്വഹിക്കുന്നതിനായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.















