യാംഗൂൺ: മ്യാൻമർ ജനസമൂഹം പൂർണ്ണമായും സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിൽ. ജനാധിപത്യപരമായി തെരഞ്ഞെടുത്തവരെ അധികാരത്തിലേറാൻ സമ്മതിക്കാതെയാണ് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേതാക്കളെ വീട്ടു തടങ്കലിലാക്കിയതിനെതിരെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശങ്ങളും ആഹ്വാനവും ഇന്നലെയാണ് പുറത്തുവന്നത്. എന്നാൽ അവ ജനങ്ങളിലെത്തിക്കാതിരിക്കാൻ എല്ലാ സമൂഹമാദ്ധ്യമങ്ങളും ഇന്റർനെറ്റ് സേവനങ്ങളും സൈന്യം റദ്ദാക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസാണ് മ്യാൻമർ സൈന്യത്തിന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള സന്ദേശം ആഗോളതലത്തിൽ നൽകിയത്.
വർഷങ്ങളോളം സൈനിക ഭരണത്തിലായിരുന്ന മ്യാൻമറിൽ കഴിഞ്ഞ അഞ്ചുവർഷമായി ജനാധിപത്യ ഭരണമാണ് നടന്നിരുന്നത്. വർഷങ്ങളോളം വീട്ടുതടവിലായിരുന്ന ആംഗ് സാൻ സൂ കി അടക്കമുള്ള നേതാക്കളെയാണ് സൈന്യം അർദ്ധരാത്രിയോടെ തടവിലാക്കിയത്. ജുന്റ എന്ന സൈനിക ഭരണത്തിന് കീഴിൽ വർഷങ്ങളോളം നരകിച്ച ജനവിഭാഗത്തിനെതിരെയാണ് 54 ദശലക്ഷം ജനങ്ങൾ വോട്ട് ചെയ്തത്.
സൈനിക ഭരണത്തിലായിരിക്കേ അന്താരാഷ്ട്ര ഉപരോധം ഏൽക്കേണ്ടി വന്ന രാജ്യമാണ് മ്യാൻമർ. സൈനിക നടപടി പിൻവലിക്കാതിരുന്നാൽ അതേ അവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും വീഴുമെന്ന മുന്നറിയിപ്പും ലോകരാജ്യങ്ങൾ നൽകിക്കഴിഞ്ഞു.
Comments