തെന്നിന്ത്യൻ സിനിമയിൽ നായിക നിരയിലേക്ക് ഉയർന്നു വരുന്ന മലയാളി താരമാണ് വിവിയാ ശാന്ത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് ചുവടു വെച്ച വിവിയ മലയാളത്തിൽ ‘ ഇട്ടി മാണി ‘, ‘ വിജയ് സൂപ്പറും പൗർണമിയും ‘എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ഹിമാചൽ പ്രദേശ്, കശ്മീർ എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നു വരുന്ന പുതിയ ചിത്രമായ സമാറയിൽ റഹ്മാന്റെ നായിക വിവിയയാണ്. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ, മികച്ച പ്രോജക്ടുകൾ, മികച്ച സംവിധായകർ എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകി സെലക്ടീവായി അഭിനയിക്കുക എന്നതാണ് തന്റെ സിദ്ധാന്തമെന്ന് താരം പറയുന്നു.
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷാ സിനിമാ വേദിയിൽ നിന്നും ഈ കായംകുളം സ്വദേശിയെ തേടി ഓഫറുകൾ എത്തി തുടങ്ങി. തമിഴിൽ ഭരത്തിന്റെ നായികയായി ‘6ഹവേഴ്സ് ‘, തെലുങ്കിൽ നായികാ പ്രാധാന്യമുള്ള ‘ അംഗുലീയം ‘ എന്നീ സിനിമകൾ പൂർത്തിയായി കഴിഞ്ഞു. സമാറയിൽ റഹ്മാന്റെ ഭാര്യയായി ഹണി എന്ന നായികാ കഥാപാത്രത്തെയാണ് വിവിയാ ശാന്ത് അവതരിപ്പിക്കുന്നത്.















