ചെന്നൈ: ഇംഗ്ലണ്ടിനോട് ആദ്യ ടെസ്റ്റ് അടിയറവെച്ച് ഇന്ത്യ. 420 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം അവസാന സെഷന് മുന്നേ അവസാനിച്ചു. ഇന്ത്യ 192 റൺസിന് പുറത്തായി. 227 റൺസിന്റെ വലിയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിരാട് കോഹ്‌ലിയുടെ 72 റൺസിന്റെ പോരാട്ടമാണ് ഇന്ത്യയെ ഇരുന്നൂറിലേക്ക് അടുപ്പിച്ചത്. ബെൻസ്റ്റോക്‌സാണ് കോഹ്ലിയെ വീഴ്‌ത്തിയത്.
വാലറ്റത്ത് അശ്വിൻ(9) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഷബഹാസ് നദിം(0), ബൂംമ്ര(4) എന്നിവരും പെട്ടന്ന് പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഇഷാന്ത് ശർമ്മ 5 റൺസുമായി പുറത്താകാതെ നിന്നു.
മദ്ധ്യനിരയെ തകർത്ത ജെയിംസ് ആൻഡേഴ്‌സന്റെ മൂന്ന് വിക്കറ്റ് പ്രകടനവും അശ്വിനേയും ഷഹബാസ് നദീമിനെയും വീഴ്‌ത്തി നാല് വിക്കറ്റ് കൊയ്ത് സ്പിന്നർ ജാക് ലീച്ചുമാണ് ഇന്ത്യയെ തകർത്തത്. ആറ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ മടങ്ങേണ്ടി വന്നു.















