ചെന്നൈ: രണ്ടാം ടെസ്റ്റിൽ കണക്കു തീർത്ത് ഇന്ത്യ. ഇംഗ്ലണ്ടിനെ ഇന്ത്യ 317 റൺസിന് തോൽപ്പിച്ചു. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലായി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 164നാണ് ഇന്ത്യ പുറത്താക്കിയത്. സെഞ്ച്വറി നേട്ടവും എട്ടു വിക്കറ്റും കൊയ്ത രവിചന്ദ്ര അശ്വിനാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലണ്ടിനായി നായകൻ ജോ റൂട്ട് 33 റൺസും വാലറ്റത്ത് വെടിക്കെട്ട് ബാറ്റിംഗ് നടത്തി 43 റൺസ് നേടിയ മൊയീൻ അലിയുമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യയ്ക്കായി അരങ്ങേറ്റത്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഉച്ച ഭക്ഷണത്തിന് ശേഷം ക്രീസിലെത്തിയ റൂട്ടാണ് ആദ്യം പുറത്തായത്. 33 റൺസെടുത്ത ജോ റൂട്ടിനെ അക്സർ പട്ടേലിന്റെ പന്തിൽ അജിങ്ക്യാ രഹാനെ പിടിച്ചാണ് പുറത്താക്കിയത്. തുടർന്ന് ഒല്ലി സ്റ്റോണിനെ പൂജ്യത്തിന് അക്സർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. ഇതിനിടെ ഒരറ്റത്ത് ആഞ്ഞടിച്ച മൊയീൻ അലിയെ കുൽദീപിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ ഇന്ത്യ 317 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി.















