ചെന്നൈ: ഇംഗ്ലണ്ടിനെതിരെ നേടിയ ഉജ്ജ്വല വിജയം ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാദ്ധ്യത കൂട്ടി. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലെ 317 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യയെ ടെസ്റ്റ് റാംങ്കിംഗി്ൽ രണ്ടാം സ്ഥാനത്തേക്ക് കയറ്റിയത്.
ആദ്യ ടെസ്റ്റിൽ 227 റൺസിന്റെ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ രണ്ടാം ടെസ്റ്റിൽ അതിഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണിരുന്നു. ഫൈനലിൽ എത്തിനിൽക്കുന്ന ന്യൂസിലാന്റിന് തൊട്ടുപുറകിലേക്ക് ഇന്ത്യ തോറ്റതോടെ ഓസ്‌ട്രേലിയ കയറി. ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്കുമുയർന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ വലിയ സ്‌കോറിന് തോറ്റതോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് വീണു. ഇന്ത്യ ഓസീസിനേയും മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തി.
ഒരു വർഷത്തെ ടെസ്റ്റ് മത്സരങ്ങളിൽ നിന്നുള്ള പോയിന്റാണ് ടെസ്റ്റ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ഫൈനലിലേക്ക് ഇടം നൽകുക. അഞ്ചു പരമ്പരയിൽ നിന്നും കിവീസ് 70 പോയിന്റും ഇന്ത്യക്ക് 69.70 പോയിന്റുമാണുള്ളത്. ഓസ്‌ട്രേലിയ 69.20 പോയിന്റും ഇംഗ്ലണ്ടിന് 67 പോയിന്റുമാണുള്ളത്.
നാലു ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-1 ന് തുല്യതയിലെത്തി നിൽക്കുകയാണ്. ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ രണ്ട് ജയം നേടി 3-1 ആയാലും ഒരു ജയവും ഒരു സമനിലയും നേടി 2-1 ആയാലും ഇന്ത്യ ന്യൂസിലന്റിനെതിരെ ഫൈനലിൽ കളിക്കും. ജൂൺ 18-22 വരെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഇംഗ്ലണ്ടിലെ ലോർഡ്‌സിലാണ് ഫൈനൽ.















