ലണ്ടൻ: മ്യാൻമർ സൈനിക അട്ടിമറിക്കെതിരായ പ്രതിഷേധ സമരത്തിന് ആദ്യ രക്തസാക്ഷി. ഇതുപതുവയസ്സുകാരിയായ മിയാ ത്വേ ത്വേ കിയാംഗാണ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധപ്രകടനത്തിന് നേരെ നടന്ന സൈനിക നടപടിക്കിടെയാണ് മിയയ്ക്ക് വെടിയേറ്റത്ത്.
ശക്തമായ പ്രതിഷേധം അക്രമാസക്തമായതോടെ പിരിച്ചുവിടാനായി ജലപീരങ്കിയും റബ്ബർ ബുള്ളറ്റുകളും മാത്രമാണ് ഉപയോഗിച്ചതെന്നാണ് സൈന്യം അന്ന് വ്യക്തമാക്കിയത്. എന്നാൽ മിയക്ക് ഏറ്റത് ശരിക്കുള്ള തോക്കിൽ നിന്നുള്ള വെടിയുണ്ടയാണെന്ന് കണ്ടെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മിയ പത്താം ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ആംഗ് സാൻ സൂ കിയുടെ നേതൃത്വത്തിലെ ഭരണകക്ഷി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനിരിക്കേയാണ് മ്യാൻമറിൽ സൈന്യം ഭരണം പിടിച്ചെടുത്തത്. നവംബറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടപടിക്രമങ്ങൾ പൂർത്തിയായി ജനുവരിയിലാണ് പുതിയ ഭരണകൂടം അധികാരം ഏൽക്കാനിരുന്നത്. സൈന്യം ഭരണം പിടിച്ച ശേഷം ആംഗ് സാൻ സൂ കിയേയും അനുയായികളേയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
Comments