ബ്രസാവിൽ: കോംഗോയിൽ യുഎൻ സംഘം സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഇറ്റാലിയൻ അംബാസിഡർ ലൂക്കാ അറ്റനാസിയോയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയോടെ കോംഗോയുടെ കിഴക്കൻ മേഖലയിലായിരുന്നു സംഭവം.
കന്യാമഹോറോ മേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി ഇവരുടെ വാഹനം മറികടന്നെത്തിയ അക്രമി സംഘം ആക്രമണം നടത്തുകയായിരുന്നു. ഇറ്റാലിയൻ അംബാസിഡറെയും മറ്റുള്ളവരെയും തട്ടിക്കൊണ്ട് പോകുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. എന്നാൽ സുരക്ഷാ സേന തടുത്തതിനെ തുടർന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
ഭീകരരുടെ ആക്രമണത്തിൽ ഇറ്റാലിയൻ അംബാസിഡർ ലൂകാ അറ്റാനാസിയോയ്ക്ക് പുറമേ മറ്റ് രണ്ട് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. കൂടെയുണ്ടായിരുന്ന സുരക്ഷാ സേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments