അഹമ്മദാബാദ്: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളുടേയും വേദി ലോക ശ്രദ്ധയിൽ. മൊട്ടേരാ സ്റ്റേഡിയമാണ് വാർത്തകളിൽ നിറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ഗുജറാത്തിന്റെ മണ്ണിലെ മൊട്ടേരയിൽ തയ്യാറായി രിക്കുന്നത്. ഇതുവരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡനായിരുന്നു ഇന്ത്യയിലെ മികച്ച സ്റ്റേഡിയമായി പേരുകേട്ടത്. ദക്ഷിണാഫ്രിക്കയിലെ റൺഗ്രാഡോ സ്റ്റേഡിയം മറ്റ് കായിക ഇനങ്ങൾക്ക് കൂടിയുള്ളതിൽ ഒന്നാം സ്ഥാനത്താണ്. 1,14,000 പേർക്കാണ് അവിടെ ഇരിക്കാനാവുക.
ഗുജറാത്ത് സ്റ്റേഡിയം എന്ന പേരാണ് പുതുക്കിപ്പണിത് വിപുലീകരിച്ചതോടെ സർദ്ദാർ പട്ടേൽ എന്നാക്കിമാറ്റിയത്. ഇന്ത്യാ സന്ദർശനത്തിനായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വന്നപ്പോൾ പരിപാടി നടത്തതോടെയാണ് മൊട്ടേര ശ്രദ്ധാകേന്ദ്രമായത്. 1983ലാണ് സ്റ്റേഡിയം പണിതത്. 2006ൽ നവീകരിച്ചു. 63 ഏക്കറിലേക്ക് 2016ൽ വീണ്ടും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. 800 കോടി ചിലവിട്ടാണ് പണികൾ പൂർത്തിയാക്കിയത്. ആകെ 1,10,000 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. കൊറോണ മാനദണ്ഡം കാരണം 55000 പേർക്കാണ് ഇത്തവണ അനുമതിയുള്ളത്. 3000 കാറുകൾക്കും 10,000 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.
സാങ്കേതിക സൗകര്യങ്ങളിലും മൊട്ടേര ഏറ്റവും മികച്ചതാണെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു. മികച്ച എൽ.ഇ.ഡി ലൈറ്റുകളാണ് രാത്രിമത്സരങ്ങൾക്ക് വെളിച്ചമേകുക. ഇന്ത്യയിൽ എൽ.ഇ.ഡി സംവിധാനമുള്ള ആദ്യ സ്റ്റേഡിയവും ഇതാണ്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലന പിച്ചുകളും ജിമ്മും മികച്ച നീന്തൽക്കുളവും നാല് ഡ്രസ്സിംഗ് റൂമുകളും സ്റ്റേഡിയത്തിലുണ്ട്. 11 പിച്ചുകളാണ് സ്റ്റേഡിയത്തിലുള്ളത്.















