അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിനിടെ കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് ഇംഗ്ലണ്ട് താരം ബെൻ സ്‌റ്റോക്‌സ്. പന്ത് മിനുസപ്പെടുത്താൻ തുപ്പൽ തൊടരുതെന്ന നിയമമാണ് സ്‌റ്റോക്‌സ് തെറ്റിച്ചത്. തെറ്റ് ശ്രദ്ധയിൽപെട്ടയുടൻ അമ്പയർ സാനിറ്റൈസർ ഉപയോഗിച്ച് പന്ത് ശുചിയാക്കി.
12-ാം ഓവർ പൂർത്തിയാക്കിയ ശേഷമാണ് സ്റ്റോക്‌സ് അബദ്ധത്തിൽ പന്തിൽ തുപ്പൽ തൊട്ടത്. കളിക്കാർക്ക് പന്ത് മിനുസപ്പെടുത്താൻ വിയർപ്പ് ഉപയോഗിക്കാമെങ്കിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുപ്പൽ ഉപയോഗിക്കുന്നതിന് ഐസിസി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒരു ടീമിന് രണ്ട് തവണയാണ് മുന്നറിയിപ്പ് നൽകുക. മൂന്നാം തവണയും നിയമം ലംഘിച്ചാൽ ബാറ്റിംഗ് ടീമിന് 5 റൺസ് ലഭിക്കും.
കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും തമ്മിലുള്ള മത്സരത്തിനിടെ റോബിൻ ഉത്തപ്പയും സമാനമായ രീതിയിൽ പ്രോട്ടോക്കോൾ ലംഘിച്ചിരുന്നു. മറ്റൊരു കായിക ഇനത്തിലുമില്ലാത്ത ഈ ശീലം ക്രിക്കറ്റിൽ പ്രത്യേകിച്ച് കൊറോണ കാലത്ത് വലിയ വിമർശനമായി ലോകാരോഗ്യ സംഘടന എടുത്തു കാണിച്ചതോടെയാണ് നിയമം കൊണ്ടുവന്നത്.















