തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിജയ യാത്ര ഇന്ന് സമാപിക്കും. വിജയയാത്രയുടെ സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ബിജെപി കോർ കമ്മിറ്റിയിലും അമിത് ഷാ പങ്കെടുക്കും.
ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികളിലും അമിത് ഷാ പങ്കെടുക്കും. പൊൻ രാധാകൃഷ്ണനാണ് കന്യാകുമാരി ലോക്്സഭാ ഉപതെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാർത്ഥി. ഉച്ച തിരിഞ്ഞ് 3.50ന് തലസ്ഥാനത്ത് മടങ്ങിയെത്തി നാല് മണിക്ക് ശ്രീരാമകൃഷ്ണമഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിൽ അമിത് ഷാ പങ്കെടുക്കും.
വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശംഖുമുഖം കടപ്പുറത്ത് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ആയിരങ്ങൾ അണിനിരക്കും. അമിത് ഷാ യുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 2500ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ളത്.
വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, കർണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ, തുടങ്ങിയവർ പങ്കെടുക്കും.
Comments