ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് കുടക്. കാടും മലനിരകളും ചേര്‍ന്ന ഈ പ്രദേശം കാണാന്‍ ഏറെ ഭംഗിയുള്ളതാണെങ്കിലും ജനവാസ മേഖലയില്‍ വന്യജീവികള്‍ ഇറങ്ങുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.
ഇത് തടയുന്നതിനായുള്ള വിവിധ തരം പദ്ധതികള്‍ രൂപീകരിക്കുകയും കോടികള്‍ ചിലവഴിച്ച് വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ വൈദ്യുതി വേലിയും റെയില്‍ വേലിയും സ്ഥാപിച്ചെങ്കിലും അവയൊന്നും വന്യജീവികളുടെ വരവ് ഇല്ലാതാക്കുന്നതില്‍ കാര്യമായ മാറ്റം ഒന്നും തന്നെ ഉണ്ടാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് പരിസ്ഥിതി സൗഹാര്‍ദ മാര്‍ഗത്തിലൂടെ തന്നെ മൃഗങ്ങളെ തുരത്തി ഓടിക്കാനുളള മാര്‍ഗ്ഗം സ്വീകരിക്കാന്‍ തയ്യാറായതെന്ന് ഫോറസ്ട്രി കോളേജ് ഡീന്‍ ഡോക്ടര്‍ കുശാലപ്പ പറഞ്ഞു.
ഇത്തരത്തില്‍ ജനവാസ മേഖലയിലേക്കുള്ള വന്യജീവികളുടെ വരവ് നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും പൊന്നംപേട്ട് സര്‍ക്കാര്‍ ഫോറസ്റ്റ് കോളേജും ചേര്‍ന്നു കൊണ്ട് തേനീച്ച കൃഷി ആരംഭിച്ചു. പതിവായി ആനയിറങ്ങുന്ന കൃഷിയിടങ്ങളില്‍ തേനീച്ച കൃഷി ആരംഭിച്ചാല്‍ ആനകളുടെ ശല്യം ഇല്ലാതാകുമെന്നും നേരത്തെ നടത്തിയ പഠനത്തില്‍ മനസ്സിലാക്കിയതോടെയാണ് ഇത്തരത്തില്‍ തേനീച്ച കൃഷ ആരംഭിക്കാന്‍ തീരുമാനിച്ചത്.
നാഗര്‍ഹോളെ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മൂന്ന ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തില്‍ തേനീച്ച കൃഷി ആരംഭിച്ചത്. ആനകള്‍ പതിവായി ഗ്രാമങ്ങളിലേക്ക് വരുന്ന കിടങ്ങിനു സമീപത്തായാണ് ഇത്തരത്തില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തേന്‍ ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന മേഖലയാണ് കുടക്. അതുകൊണ്ടു തന്നെ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതോടുകൂടി ഇവിടെയുള്ള കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുകയും അതിലൂടെ ഒരു വരുമാന മാര്‍ഗം ഉണ്ടാവുകയും ചെയ്യുന്നു.
Comments