അഹമ്മദാബാദ്: ഏകദിനപരമ്പരയ്‌ക്കുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നായകനും രോഹിത് ശർമ്മ ഉപനായകനുമായ 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ്കീപ്പർമാരായി ഋഷഭ് പന്തിനേയും കെ.എൽ.രാഹുലിനേ യുമാണ് തീരുമാനിച്ചിരിക്കുന്നത്. പുതുമുഖങ്ങളിൽ സൂര്യകുമാർ യാദവും പ്രസിദ്ധ് കൃഷ്ണയും ടീമിൽ ഇടം നേടി.
അരങ്ങേറ്റത്തിൽ തരംഗമായ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ബാറ്റിംഗ് നിരയുടെ കരുത്ത് കൂട്ടിക്കഴിഞ്ഞു. ഓപ്പണർമാരുടെ റോളിൽ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും മാറിമാറി പരീക്ഷിക്കപ്പെടും. ഓൾ റൗണ്ടറെന്ന നിലയിൽ വാഷിംഗ്ടൺ സുന്ദറും ഹാർദ്ദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും ഇന്ത്യയുടെ ബാറ്റിംഗിന്റെ ആഴംകൂട്ടിയിരിക്കുകയാണ്.
മദ്ധ്യനിരയിൽ ശ്രേയസ്സ് അയ്യരുമുണ്ട്. സ്പിൻ കരുത്തായി യൂസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും ഇടം നേടി. പേസർമാരിൽ ഭുവനേശ്വർ കുമാറും ഷാർദ്ദൂൽ ഠാക്കുറുമാണ് ടീമിലുള്ളത്. പരിക്ക് ഭേദമായ തമിഴ്‌നാട് പേസർ ടി.നടരാജനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയയിൽ തിളങ്ങിയ മുഹമ്മദ് സിറാജും ഏകദിനത്തിലിറങ്ങും.
ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പര ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. നിലവിൽ 2-2 എന്ന തുല്യ നിലയിൽ നിൽക്കുന്ന ടീമുകൾ നാളെ നിർണായകമായ അഞ്ചാം മത്സരത്തിനിറങ്ങും.















