ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം എന്നും ഇരു രാജ്യങ്ങളുടെയും അഭിമാന പ്രശ്നമാണ്. കാണികൾക്കും കളിക്കാർക്കും ഒരുപോലെ വീറും വാശിയുമേറിയ ഒരുപിടി മത്സരങ്ങൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ലോകകപ്പുകളിൽ പരസ്പരം പോരാടിയപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു എന്നതാണ് പാകിസ്താന്റെ ഉറക്കം കെടുത്തുന്നത്.
10 വർഷങ്ങൾക്ക് മുൻപ് 2011ൽ നടന്ന ലോകകപ്പ് സെമിയിൽ ഇതേ ദിവസമാണ് ഇന്ത്യ പാകിസ്താനെതിരെ ജയിച്ചുകയറിയത്. ധോണിയും കൂട്ടരും നടത്തിയ ഉശിരൻ പോരാട്ടം വർഷങ്ങൾ പിന്നിട്ടിട്ടും ആരാധകരുടെ ഓർമ്മകളിൽ ആവേശം വാരിവിതറുകയാണ്. ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് അതിഗംഭീര സിക്‌സർ പറത്തിയാണ് ധോണി ടീമിനെ 2011ലെ കിരീട നേട്ടത്തിലേക്ക് നയിച്ചത്.
പാകിസ്താനെതിരെ ലോകകപ്പിൽ ഒരിക്കലും തോൽക്കാറില്ലെന്ന റെക്കോഡ് തുടർന്നുകൊണ്ടാണ് ഇന്ത്യ 2011ലും മുന്നേറിയത്. സെമി ഫൈനലിൽ ഇന്ത്യ-പാക് ടീമുകൾ നേരിട്ടെത്തിയത് ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. മൊഹാലി സ്റ്റേഡിയത്തിൽ 29 റൺസിനാണ് ഇന്ത്യ ചിരവൈരികളെ തോൽപ്പിച്ചത്. ടോസ് നേടിയ ഇന്ത്യയ്‌ക്കായി തുടക്കത്തിൽ സെവാഗ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ ആവേശം ഇരട്ടിപ്പിച്ചത്. കളിയുടെ മൂന്നാം ഓവർ എറിഞ്ഞ ഉമർ ഗുല്ലിനെതിരെ 21 റൺസാണ് വീരു അടിച്ചെടുത്തത്.
സച്ചിൻ 85 റൺസ് നേടിയ ഇന്നിംഗ്‌സിൽ സുരേഷ് റെയ്‌നയുടെ അതിവേഗ 36 റൺസിന്റെ സഹായത്താലാണ് ഇന്ത്യ 260 എന്ന ഭേദപ്പെട്ട സ്കോർ നേടിയത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇന്ത്യയുടെ ബൗളർമാർ പാക് നിരയെ വീഴ്‌ത്തിയത്. സഹീർഖാൻ തുടക്കമിട്ട വിക്കറ്റ് വേട്ടയിൽ ആശിഷ് നെഹ്‌റ, മുനാഫ് പട്ടേൽ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ് എന്നിവരും തുല്യപങ്ക് വഹിച്ചു. എല്ലാ താരങ്ങളും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയാണ് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്.















