ബംഗളൂരു: ടിവിയിൽ തനിക്ക് ഇഷ്ടമുള്ള ചാനൽ കാണാൻ വിസമ്മതിച്ച ഭർത്താവിനോടുള്ള ദേഷ്യം യുവതി തീർത്തത് മൂന്ന് വയസുകാരിയായ മകളെ കൊന്ന്. ബംഗളൂരു അന്നപൂർണേശ്വരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം. തർക്കത്തിൽ അച്ഛനെ പിന്തുണച്ച മകളെ അമ്മ സുധ ക്രൂരമായി കൊല്ലുകയായിരുന്നു. സംഭവത്തിൽ 26കാരിയായ സുധയെ പോലീസ് അറസ്റ്റ് ചെയ്തു.
കൂലിപ്പണിക്കാരനായ ഭർത്താവ് ഈരണ്ണ എന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്താറുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഈരണ്ണ ടിവിയിൽ വാർത്താ ചാനൽ വച്ചു. ഇത് സുധ ചോദ്യം ചെയ്യുകയും അക്രമത്തിൽ കലാശിക്കുകയും ആയിരുന്നു. മകൾ അച്ഛനെ പിന്തുണയ്ക്കുകയും അമ്മയോട് മിണ്ടാതിരിക്കാൻ പറയുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണം.
ഭർത്താവിനോടുള്ള ദേഷ്യത്തിൽ അന്ന് രാത്രി തന്നെ അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. പിറ്റേന്ന് രാവിലെ മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. നഗർഭിക്ക് സമീപം പണി നടക്കുന്ന കെട്ടിടത്തിൽ നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തി. സുധയും ഈരണ്ണയും സ്ഥലത്തെത്തി മകളെ തിരിച്ചറിയുകയും ചെയ്തു.
സുധയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിയ്ക്കുന്നത്. മകൾക്ക് തന്നെക്കാൾ ഇഷ്ടം ഭർത്താവ് ഈരണ്ണയെയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Comments