ആരാണ് യഥാര്‍ത്ഥ ഭക്തന് എന്നറിയപ്പെടുന്നത്?
ഭക്തിയെക്കുറിച്ചും ഭക്തന്റെ മനോവിചാരങ്ങളെന്താകണം എന്നതിനെക്കുറിച്ചും അറിയുന്നത് സാധകന് മുന്നോട്ടുള്ള പ്രയാണത്തില്‍ ഉപകാരപ്രദമാണ്.
എന്താണ് ഭക്തി എന്ന ചോദ്യം എക്കാലവും പ്രസക്തമാണ്. കാലത്തിനനുസരിച്ച് ഭക്തിയുടെ മാര്‍ഗങ്ങളില്‍ വ്യത്യാസമുണ്ടാവാറുണ്ട്. എന്നാല്‍ പരമമായ ലക്ഷ്യത്തിന് വ്യത്യാസമുണ്ടാകാറില്ല. ഭഗവാനിലുള്ള പരമമായ വിശ്വാസവും സമര്‍പ്പണവുമാണ് ഭക്തി എന്നു ലളിതമായി വ്യാഖ്യാനിക്കാം.
ആരാണ് ഭക്തന് എന്നും പ്രീതികാരകനായ ഭക്തന് ആരെന്നും ഉള്ള ചോദ്യത്തിന് ഭഗവാന് ശ്രീകൃഷ്ണന് തന്റെ ഉത്തമസഖാവായ അര്‍ജുനനു കൊടുക്കുന്ന മറുപടി ശ്രദ്ധേയമാണ്:
‘അദ്വേഷ്ടാ സര്‍വഭൂതാനാം
മൈത്രഃ കരുണ ഏവ ച
നിര്‍മമോ നിരഹങ്കാരഃ
സമദുഃഖസുഖഃക്ഷമീ’
-ഭഗവദ്ഗീത, 12:13
എല്ലാ ജീവജാലങ്ങളോടും ദ്വേഷരഹിതനായും(സ്നേഹത്തോടുകൂടിയും) മൈത്രിയുള്ളവനായും(സുഹൃത്തായും) നിസ്വാര്‍ത്ഥനായും അഹങ്കാര രഹിതനായവനും സുഖത്തിലും ദുഃഖത്തിലും ഒരേപോലെയിരിക്കുന്നവനും ക്ഷമയുള്ളവനും എന്റെ പ്രിയപ്പെട്ട ഭക്തനാകുന്നു എന്നാണ് ഭഗവാന് ഉപദേശിക്കുന്നത്.
ഇതില്‍നിന്നും ഒരു വലിയ പാഠം നമുക്കു പഠിക്കാനുണ്ട്. ഭക്തിമാര്‍ഗത്തില്‍ ചരിക്കുന്നവന് പരിപൂര്‍ണനായൊരു മനുഷ്യനായിരിക്കുകയും ചെയ്യും എന്നതാണത്. ഭഗവാനെ നെഞ്ചേറ്റി മനസ്സിലും ചുണ്ടിലും ആ പരമപ്രേമസ്വരൂപന്റെ രൂപവും നാമവും നിറഞ്ഞിരിക്കുന്ന ഭക്തന്റെ മനസ്സില്‍ കല്മഷം നിറയുകയില്ല എന്നതാണ് ഭഗവാന്റെ ഉപദേശത്തിന്റെ മറുപുറം. അങ്ങനെ വരുമ്പോള്‍ ഒരു നല്ല മനുഷ്യനാകാന്‍ നല്ല ഭക്തനായാല്‍ മതി എന്നും നമുക്കു ഭഗവാന്റെ വാക്കുകളെ വായിച്ചെടുക്കാം.
ഭാരതത്തെ സംബന്ധിച്ച് ഭക്തിയുടെ വിവിധ തലങ്ങളെക്കുറിച്ച് എഴുതപ്പെട്ട എണ്ണമറ്റ ഗ്രന്ഥങ്ങണ്ട്. ഭക്തിമാര്‍ഗത്തില്‍ സഞ്ചരിച്ച് ഭഗവാന്റെ കൃപ ലഭിച്ചവര്‍ നിരവധിയാണ്. സകാമവും നിഷ്കാമവുമായ ഭക്തി രണ്ടു വിധത്തിലുണ്ട്.
ഈ ലോകത്തിലെ ലൗകികരെ സംബന്ധിച്ച് സകാമഭക്തി തന്നെ ഉത്തമം. കാരണം പ്രാരബ്ധജീവിതത്തെ അല്ലലില്ലാതെ മുന്നോട്ടു നയിക്കാന്‍ ലോകത്തിന്റെ ഗതിക്കനുസരിച്ച് നീങ്ങുക തന്നെ വേണം. കുചേലനെന്ന മഹാഭക്തനെ തന്റെ സതീര്‍ത്ഥ്യനായ ഭഗവാന് ശ്രീകൃഷ്ണന്റെ സവിധത്തിലേക്കു പറഞ്ഞയച്ച കുചേലപത്നിയുടെ ഭക്തി സകാമമായിരുന്നു. കുചേലനാകട്ടെ നിഷ്കാമനും. അതുകൊണ്ടാണ് ശ്രീകൃഷ്ണപരമാത്മാവിന്റെ സവിധത്തിലെത്തി, അവിടുത്തെ കാരുണ്യപൂരിതമായ സത്കാരത്തിന് പാത്രമായ ആ മഹാബ്രാഹ്മണന്‍ താന്‍ വന്ന കാര്യം പോലും മറന്നുപോയത്. ഭാര്യ പറഞ്ഞയച്ച ആവശ്യങ്ങളൊന്നും ചോദിക്കാന്‍ തോന്നാതിരുന്നത്. എന്നാല്‍, ഭക്തന്റെ മനസ്സില്‍ കുടിയിരിക്കുന്ന ഭഗവാന് അതു മനസ്സിലാക്കാതിരിക്കാനാവുമോ? അതിനാല്‍ ചോദിക്കാതെ തന്നെ വാരിക്കോരി കൊടുത്തു.
രാമപുരത്തുവാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ പറയുന്നത്, കുചേലനെക്കണ്ട ഭക്തോത്തംസമനായ ആ മഹാപ്രഭു കരഞ്ഞുപോയെന്നാണ്. ഭാരതീയ സങ്കല്‍പ്പപ്രകാരം ഒരിക്കലും കരഞ്ഞിട്ടില്ലാത്ത ദൈവമാണ് ശ്രീകൃഷ്ണന്. എന്നാല്‍, മലയാളിയായ രാമപുരത്തുവാര്യര്‍ ആ ശിഷ്ടരക്ഷകനായ കാര്‍വര്‍ണന്റെ കണ്ണില്‍ രണ്ടുതുള്ളി കണ്ണുനീര് കാണുന്നു എന്നത് ഭഗാവാന്റെ കാരുണ്യമല്ലാതെ മറ്റെന്താണ്? രാമപുരത്തുവാര്യര്‍ ആ രംഗം വിവരിക്കുന്നത് ഇപ്രകാരമാണ്:
‘അന്തണനെക്കണ്ടിട്ടു സന്തോഷംകൊണ്ടോ തസ്യദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?’
ഇവിടെ ഭഗവാന്റേയും ഭക്തന്റെയും അലൗകികമായ ഭക്തിയെ ഒരുപോലെ നാം ദര്‍ശിക്കുന്നു.
ഭക്തമീരയാകട്ടെ, ഭഗവാനില്‍ സ്വജീവിതം ലയിക്കുകയെന്ന നിഷ്കാമഭക്തിയെ മാത്രമാണ് ചിന്തിച്ചത്. ഭക്തിയുടെ വിവിധഭാവങ്ങളില്‍ സാക്ഷാത്കാരം സിദ്ധിച്ചവരും ഉത്തമഗതിയെ പ്രാപിച്ചവരും നമ്മുടെ ഭാരതത്തില്‍ നിരവധിയാണ്. മൃഗജാതിയില്‍ ഗജേന്ദ്രന്(ഗജേന്ദ്രമോക്ഷം), അസുരജാതിയില് പ്രഹ്ലാദന്(നലസിംഹാവതാരം), രാക്ഷസരില്‍ വിഭീഷണന്(രാമായണം), ബാലന്മാരില് ധ്രുവന്(വിഷ്ണുപുരാണം), മാര്ക്കണ്ഡേയന്(ഭാഗവതം), നാരദന്, സനകാദികള്‍, ശുകബ്രഹ്മര്‍ഷി എന്നീ മഹര്‍ഷികളും, വൃന്ദാവനത്തിലെ ഗോപികമാരും കംസരാജധാനിയിലെ കുബ്ജയുമെല്ലാം ഭഗവാന്റെ പരമപ്രേമത്തിന് പാത്രമായ ഭക്തരാണ്.
ഭക്തിയെ വിശദമായി ആലോചിക്കുമ്പോള്‍, സര്‍വജ്ഞനും സര്‍വശക്തനും സര്വഗുണപരിപൂര്ണനുമായ സര്‍വേശ്വരനില്‍ ഒരാള്‍ക്കുണ്ടാകുന്ന പരമമായ പ്രീതിയെയാണ് ഭക്തിയെന്നു വിവക്ഷിക്കുന്നത്. ‘ഭജ്യതേ ഇതി ഭക്തി’ എന്നാണ് നിരുക്തം. അതായത്, ഭജിക്കപ്പെടുന്നതുകൊണ്ട് ഭക്തി. ഭജ് എന്ന ധാതുവില്‍നിന്നാണ് ഭക്തി രൂപം പ്രാപിക്കുന്നത്. ഭജ് ധാതുവിന് സേവിക്കുക എന്നര്‍ത്ഥം. സേവിക്കുന്നവനാണ് സേവകന്. സേവകന് ഭക്തനും സേവ്യന്‍ ഭഗവാനുമാകുന്നു.
ഭക്തി എന്നവാക്കിന് ഈശ്വരസേവ എന്ന അര്‍ത്ഥം കിട്ടുന്നു. ഈശ്വരന്റെ മുന്നില്‍ പണക്കാരനും പാവപ്പെട്ടവനും കുചേലനും കുബേരനും സ്ത്രീയും പുരുഷനും ഒരേ ഭാവവമാണുള്ളതെന്നും വരുന്നു; അത് ഭക്തന്റെ ഭാവമാണ്. ഈശ്വരസവിധത്തില്‍ എല്ലാവരും ഭക്തര്‍. അവിടെ പക്ഷഭേദമില്ലാതാവുന്നു.
ഭക്തിയെ ഒന്പതുവിധത്തില് കീര്‍ത്തനം ചെയ്യുന്നതാണ് നവവിധഭക്തി.
‘ശ്രവണം കീര്‍ത്തനം തദ്വത്
സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യമാത്മനിവേദനം’ എന്നിവയാണവ. ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചന, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിവയിലൂടെ ഭക്തര്‍ വിവിധ അനുഭൂതികളെ സ്വായത്തമാക്കുന്നു.
Comments