ന്യൂഡൽഹി : ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിന് സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ഉൾപ്പെടെ കൊറോണയുടെ എല്ലാ വകഭേദങ്ങളെയും ചെറുക്കാൻ കൊവാക്സിന് സാധിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. സർക്കാരിന് കീഴിലുള്ള ആരോഗ്യഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്സിൻ നിർമ്മിച്ചത്.
രാജ്യത്ത് കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ പുതിയ കണ്ടെത്തൽ. യുകെ, ബ്രസീൽ ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഇരട്ട വകഭേദവും രാജ്യത്ത് പലയിടങ്ങളിലും കണ്ടെത്തിയിരുന്നു. സ്ഥിതി ആശങ്കാജനകമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ നിർണായക കണ്ടെത്തൽ.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു. യുകെ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദം സംബന്ധിച്ചാണ് പഠനം നടത്തിയത്. ഇതിന്റെ തുടർ പഠനങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Comments