ബംബര്‍ ഹിറ്റ് ലിസിറ്റില്‍ കടന്ന ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിച്ച മറ്റൊരു മലയാള ചിത്രവുമില്ല എന്ന് തന്നെ പറയാം. ഇതിലെ ഗംഭീര പ്രകടനത്തിന് മോഹന്‍ലാലിനും ഈ ചിത്രം സംവിധാനം ചെയ്ത ജീത്തു ജോസഫിനും ലഭിച്ചത് ആഗോള തലത്തില്‍ നിന്നുവരെയുള്ള കയ്യടിയും അഭിനന്ദനവുമാണ്. ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ അവകാശ തുകയായ 30 കോടി രൂപ നല്‍കിയാണ് ആമസോണ്‍ പ്രൈം ഈ ചിത്രം വാങ്ങിച്ചത്.
ഇപ്പോഴിതാ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ മറ്റൊരു വമ്പന്‍ തുകയ്ക്ക് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് അവകാശവും വിറ്റു പോയിരിക്കുകയാണ്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കുമാര്‍ മംഗത് പതക് ആണ് ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിര്‍മ്മിക്കുക. ഇപ്പോള്‍ ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത തെലുങ്കു പതിപ്പില്‍ വെങ്കിടേഷ് ആണ് നായകന്. മലയാളത്തില്‍ ഈ ചിത്രം നിര്‍മ്മിച്ച ആന്റണി പെരുമ്പാവൂര്‍ തെലുങ്ക് പതിപ്പിന്റെ കൂടി നിര്‍മ്മാതാവാണ്.
ഇത് കൂടാതെ കന്നഡ, തമിഴ് റീമേക്കുകളും ഈ ചിത്രത്തിന് ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇതിന്റെ ആദ്യ ഭാഗമായ ദൃശ്യം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക് ചെയ്ത മലയാള ചിത്രമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹള ഭാഷകളിലേക്ക് റീമേക് ചെയ്ത ദൃശ്യം, ഇംഗ്ലീഷ്, കൊറിയന്‍ ഭാഷകളിലും ഇനി എത്തും. ഈ ചിത്രത്തിന്റെ മൂന്നാം ഭാഗവും ആലോചനയില്‍ ഉണ്ടെന്നു മോഹന്‍ലാല്‍ , ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പറഞ്ഞിരുന്നു. 8 കോടി രൂപയ്ക്കു നിര്‍മ്മിച്ച ദൃശ്യം 2 വിവിധ ബിസിനസ്സുകളിലൂടെ അമ്പതു കോടി രൂപയ്ക്കു മുകളില്‍ ആണ് നേടിയത്.
Comments