ധാക്ക : ബംഗ്ലാദേശിലെ ദേശീയ അവാർഡ് ജേതാവായ നടൻ ചഞ്ചൽ ചൗധരിക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം . ചഞ്ചൽ ഇസ്ലാം വിശ്വാസിയാണെന്ന് കരുതിയാണ് ഇത്രയും നാൾ അദ്ദേഹത്തെ ആരാധിച്ചതെന്നും എന്നാൽ ഇന്ന് അദ്ദേഹം ഹിന്ദുവാണെന്ന് മനസ്സിലാക്കിയെന്നുമാണ് തീവ്ര ഇസ്ലാം വാദികൾ പറയുന്നത് .
‘ഡെബി’, ‘അയനാബാജി’, ‘മോൺപുര’, ‘രൂപകോത്തർ ഗോപ്ലോ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ചഞ്ചൽ . മാതൃദിനത്തോടനുബന്ധിച്ച് നടൻ തന്റെ പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്തിരുന്നു.
അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത് . “മാ… സ്നേഹം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത് . ചിത്രത്തിൽ അദ്ദേഹത്തിന്റെ അമ്മയുടെ നെറ്റിയിൽ കുങ്കുമം കണ്ടതോടെയാണ് ഇസ്ലാമിക തീവ്രവാദികൾക്ക് ഹാലിളകിയത് . ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സൈബർ ആക്രമണം .
’ ചില ഇസ്ലാമിസ്റ്റുകൾ ഈ ചിത്രം കണ്ടില്ലായിരുന്നെങ്കിൽ, നിങ്ങൾ ഒരു മുസ്ലീം ആണെന്ന ധാരണയിൽ ഞാൻ ആരാധന തുടരുമായിരുന്നു,‘ എന്നാണ് ട്വീറ്റ് ചെയ്യുന്നത് .
നിരവധി ബംഗ്ലാദേശ് മുസ്ലീങ്ങൾക്ക് ഹിന്ദു പേരുകൾ ഉണ്ട് . നടന്റെ പേരിനോട് ചേർന്നിരിക്കുന്ന ‘ചൗധരി’ എന്ന കുടുംബപ്പേര് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ഉപയോഗിക്കുന്നതാണ് . ഈ കുടുംബപ്പേര് ബ്രിട്ടീഷ് കാലഘട്ടത്തിൽ ഭൂവുടമകൾക്ക് നൽകിയതാണ് . ഇതു കണ്ടാണ് ചഞ്ചൽ ചൗധരി ഇസ്ലാമിക വിശ്വാസത്തെ പിന്തുടരുന്നയാളാണെന്ന് തങ്ങൾ കരുതിയതെന്നാണ് ചിലർ പറയുന്നത് .
‘ നിങ്ങൾ ഒരു ഹിന്ദുവാണെന്ന് അറിഞ്ഞതിന് ശേഷം ഇനി നിങ്ങളെ ആരാധിക്കില്ല , നിങ്ങൾ ഒരു ഹിന്ദുവാണെന്ന് എനിക്ക് നേരത്തെ അറിയില്ലായിരുന്നു, ‘ ‘ എല്ലാവരും മുസ്ലീങ്ങളാണ്. പക്ഷേ, വിഗ്രഹാരാധന ആരംഭിക്കുമ്പോൾ അവർ ഹിന്ദുക്കളായിത്തീരുന്നു. ഇസ്ലാം മാത്രമാണ് യഥാർത്ഥ മതം. ബാക്കി എല്ലാം വ്യാജമാണ്. അത്തരമൊരു മതത്തിന്റെ ഭാരം വഹിക്കുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. ‘ ഇത്തരത്തിലും ട്വീറ്റുകൾ പ്രചരിക്കുന്നുണ്ട് .
അതേ സമയം ചഞ്ചലിനെ അനുകൂലിച്ചും സമൂഹ മാദ്ധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രചരിക്കുന്നുണ്ട് . ‘ വിവരമില്ലാത്ത മതഭ്രാന്തന്മാർ മതത്തിന്റെ പേരിൽ മുന്നോട്ട് പോകുന്നു , ഈ അശ്ലീലമായ പരാമർശങ്ങൾ നടത്തുന്നവരെ അപലപിക്കുന്നു. ഈ സൈബർ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നു. #Stopcyberbullying, #hokprotibad ‘ ഇത്തരത്തിലാണ് ചഞ്ചലിന് അനുകൂലമായി പ്രചാരണം നടക്കുന്നത് .
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ചഞ്ചൽ ചൗധരി രംഗത്ത് വന്നിട്ടുണ്ട് . “സഹോദരീ സഹോദരന്മാരേ, ഞാൻ ഒരു മുസ്ലീമോ ഹിന്ദുവോ ആണെങ്കിൽ നിങ്ങളുടെ നഷ്ടമോ നേട്ടമോ എന്താണ് ഉള്ളത് ? ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ വ്യക്തിത്വം അവൻ ഒരു മനുഷ്യനാണ് എന്നതാണ്. മതത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണം. നമുക്ക് ആദ്യം മനുഷ്യരാകാം. “ അദ്ദേഹം പറയുന്നു.
Comments