ജൂലായ് ഒന്നോടുകൂടി അബുദാബിയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന 10 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കിയേക്കുമെന്ന് സൂചന. നിലവിൽ ദുബായിൽ നടപ്പാക്കുന്ന രീതിക്ക് സമാനമായ വിധത്തിലായിരിക്കും നടപടിക്രമങ്ങളെങ്കിലും വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിൽ നിന്നെത്തുന്നവർക്ക് പി.സി.ആർ വ്യവസ്ഥകളിൽ മാറ്റമുണ്ടാവും. അബുദാബി വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് മാർക്കറ്റിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ അലി അൽ ഷൈബയാണിക്കാര്യം അറിയിച്ചത്. നിലവിൽ അബുദാബിയിലെത്തുന്ന ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിലനിൽക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ തോത് പരിശോധിച്ച ശേഷം ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തും. ലോക്ഡൗണിനെതുടർന്ന് ഇന്ത്യ, യു.കെ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവാണുണ്ടായിട്ടുള്ളത്. വിപണിയിലിതുണ്ടാക്കിയ ഇടിവ് നികത്തുന്നതിന് പുതിയ സാധ്യതകൾ പരിശോധിക്കുകയാണ്. പ്രതിവാര വിലയിരുത്തലുകൾ നടത്തി സാധ്യതകൾ കണ്ടെത്തും. അബുദാബി – ദുബായ് യാത്രയും സഞ്ചാരികൾക്ക് കൂടുതൽ എളുപ്പമുള്ളതാക്കിമാറ്റാനുള്ള ശ്രമങ്ങളും നടത്തുമെന്നും അലി അൽ ഷൈബ പറഞ്ഞു. വിനോദസഞ്ചാരികൾക്ക് സുതാര്യമായ വ്യവസ്ഥകളിലൂടെ അതിർത്തികൾ വഴിയുള്ള യാത്ര എളുപ്പമുള്ളതാക്കും.
Comments