എന്തിനും ഏതിനും ട്രോളുകള്‍ ഇറക്കുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ്. ഒപ്പം അവ പങ്കുവെച്ച് ആളുകളെ പരിഹസിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ട്രോളുകളിലൂടെ അപമാനിക്കപ്പെട്ട ആളാണ് മഹോഗാനി ഗെറ്റര്‍ എന്ന ഇരുപത്തിമൂന്നുകാരി. എന്നാല്‍ അവയൊന്നും വകവെയ്ക്കാതെ മുന്നോട്ട് ജീവിക്കുകയാണ് മഹോഗാനി ഗെറ്റര്‍ എന്ന മോഡല്‍. തന്റെ വൈകല്യത്തെ മറച്ചുവെക്കാതെ അതിനെ മറികടക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് മഹോഗാനി ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം പങ്കുവെയ്ക്കുന്നത്. അമേരിക്കകാരിയായ മഹോഗാനി, ലിംഫെഡിമ എന്ന രോഗവുമായാണ് ജനിച്ചത്.
ശരീരത്തിലെ മൃദുവായ കോശങ്ങളില്‍ അധികമായ ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗങ്ങള്‍ അസാധാരണമാം വിധം നീരു വക്കുകയും ചെയ്യുന്ന ഒരവസ്ഥയാണിത്. തന്റെ അവസ്ഥയെക്കുറിച്ചും ഇത്തരം രോഗം ബാധിക്കുന്നവരെ കുറിച്ചും മറ്റുള്ളവര്‍ക്ക് അറിവു നല്‍കാനാണ് മഹോഗാനിയുടെ ശ്രമം. കളിയാക്കുന്നവര്ക്കൊപ്പം തന്നെ മഹോഗാനിയെ അഭിനന്ദിക്കുന്നവരും ധാരാളമുണ്ട്. മഹോഗാനിയുടെ ഇടതു കാലിനെയാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. അതോടെ കാലിന് മാത്രം 45 കിലോഗ്രാം ഭാരമാണുള്ളത്. എന്നാല്‍ തന്റെ വൈകല്യം ഭയന്ന് ആളുകളില്‍ നിന്ന് മറഞ്ഞിരിക്കാനൊന്നും മഹോഗാനി ശ്രമിച്ചില്ല.
ഒരു മോഡലായി തിളങ്ങാനാണ് അവള് ശ്രമിച്ചത്. എന്നാല്‍ ഈ കാല് മുറിച്ചു കളഞ്ഞുകൂടെ എന്ന് ചോദിച്ച് പരിഹസിക്കുന്നവരും ഉണ്ടെന്ന് മഹോഗാനി പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കാല് മുറിച്ചു കളയൂ, അപ്പോള്‍ കൂടുതല്‍ നന്നായിരിക്കും, കണ്ടാല്‍ അന്യഗ്രഹജീവിയെ പോലെ തോന്നുന്നു തുടങ്ങിയ ക്രൂരമായ പരിഹാസങ്ങളാണ് മഹോഗാനി നേരിടേണ്ടി വന്നത്. മസാജ്, കംപ്രഷന്‍ ഡ്രസ്സിംഗ്, ഫിസിയോതെറാപ്പി എന്നിവയാണ് മഹോഗാനിയുടെ കാലിന് പ്രധാനമായും നല്കുന്ന ചികിത്സ.
Comments