സാന്റിയാഗോ: ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അർജ്ജന്റീനയും ചിലിയും ഏറ്റുമുട്ടും മുന്നേ ലോകഫുട്‌ബോളിലെ എക്കാലത്തേയും പ്രതിഭയ്‌ക്ക് ആദരം. അർജ്ജന്റീനയുടെ താരമായിരുന്ന ഡീഗോ മറഡോണയുടെ പ്രതിമയാണ് സ്റ്റേഡിയത്തിൽ സ്ഥാപിച്ചത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ചടങ്ങിൽ മാദ്രേ ഡീ സിയൂദാദേസ് സ്റ്റേഡിയത്തിലാണ് മറഡോണയുടെ പൂർണ്ണകായ പ്രതിമ അനാഛാദനം ചെയ്തത്.
കഴിഞ്ഞ വർഷം നവംബർ 25-ാം തീയതിയായിരുന്നു ഡീഗോ മറഡോണ വിടപറ്ഞ്ഞത്. ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തുവരുന്നതിനിടെയാണ് മരണം കീഴടക്കിയത്.
1986ലെ ലോകകപ്പിൽ അർജ്ജന്റീനയ്‌ക്ക് സ്വപ്‌ന തുല്യമായ കിരീടം നേടിക്കൊടുത്ത തോടെയാണ് മറഡോണ ലോകഫുട്‌ബോളിന്റെ നെറുകയിലെത്തുന്നത്. ക്ലബ്ബ് ഫുട്‌ബോളിൽ ബോക്കാ ജൂനിയേഴ്‌സിനായും ബാഴ്‌സലോണയ്‌ക്കായും അവസാനം വരെ നാപ്പോളിക്കായും മറഡോണ തന്റെ കളിമികവ് സമർപ്പിച്ചു.















