സസ്യങ്ങളുടെ ലോകത്തേക്ക് പുതിയ അതിഥി കൂടി. ‘അക്കാന്തേസിയ’ ഇനത്തില്‍പ്പെട്ട ഈ പുതിയ സസ്യത്തിന് ‘റങ്കിയ ലോണ്ജിഫോളിയ സബ് സ്പീഷ് കേരളന്‍സിസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ കേരളത്തിലെ നിത്യ ഹരിത വനങ്ങളില്‍ നിന്നും പുതിയ സസ്യത്തെ കണ്ടെത്തിയതാനാലാണ് കേരളന്‍സിസ് എന്ന പേര് നല്‍കിയത്.’അക്കാന്തേസിയ’ എന്ന സസ്യകുടുംബത്തിലെ അംഗമായ റങ്കിയ ലോണ്ജിഫോളിയ എന്ന ശ്രീലങ്കന്‍ സസ്യത്തിന്റെ ഉപജാതീയ ഇനത്തില്‍പ്പെട്ടതാണ് ഈ പുതിയ സസ്യം.
എന്നാല്‍ ഈ സസ്യത്തിന്റെ ഔഷധ ഗുണങ്ങളും മറ്റും ഇനിയും ശാസ്ത്ര ലോകം കണ്ടെത്തിയിട്ടില്ല. ഇന്ത്യയില്‍ റങ്കിയ എന്ന ജനുസില്‍പ്പെട്ട 19-ഓളം സസ്യങ്ങളെ കണ്ടുവരുന്നു. അതില്‍ 15-ഓളം സസ്യങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നവയാണ്. പിങ്കില്‍ വെള്ള കലര്‍ന്ന നിറത്തോടു കൂടിയുള്ള പൂക്കളുളള ഈ സസ്യം ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെ മാത്രമേ നിലനില്‍ക്കാറുള്ളൂ.
പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ. ഇ. എസ്. സന്തോഷ് കുമാര്‍, ഡോ. സാം പി. മാത്യു, കേരള സര്‍വ്വകലാശാല ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിലെ ഗവേഷകനായിരുന്ന ഡോ. ആര്. ജഗദീശന്, കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ ബയോഡൈവേഴ്സിറ്റിയുടെ ഡയറക്ടറായ പ്രൊഫ. ഡോ. എ. ഗംഗാപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഈ സസ്യത്തെ കണ്ടെത്തിയത്.
Comments