ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ആദരണീയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചികിത്സാ മേഖലയിൽ അതിവേഗമുണ്ടായ വളർച്ചയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയെ ചെറുക്കാൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരും നടത്തിയ പ്രവർത്തനങ്ങൾ ആദരണീയമാണ്. ഇത് ഇന്ത്യയുടെ കരുത്താണ് കാണിക്കുന്നത്. രാജ്യത്തെ കൊറോണ പരിശോധനാ ലാബുകളുടെയും, പരിശോധനകളുടെയും എണ്ണം വർദ്ധിച്ചത് കൊറോണ പ്രതിരോധത്തിൽ നിർണായകമായി. കഴിഞ്ഞ വർഷം 1,500 ലാബുകളാണ് ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് 2,500 ആണ്. ദിനം പ്രതി 25 ലക്ഷം പരിശോധനകൾ നടത്താൻ ലാബുകളിൽ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐസൊലേഷൻ കിടക്കകളുടെയും, ഐസിയു കിടക്കകളുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 14 ലക്ഷം ഐസൊലേഷൻ കിടക്കകൾ സർക്കാർ ഒരുക്കി. 2,000 ൽ നിന്നും 81,000 ആയി ഐസിയു കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഇതിന് പുറമേ പ്രതിദിന ഓക്സിജൻ ഉത്പാദന തോത് 900 മെട്രിക് ടണിൽ നിന്നും 9,446 മെട്രിക് ടണായി ഉയർത്തി.
കൊറോണ പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സർക്കാരിനെ താഴ്ത്തിക്കെട്ടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ട് ഒൻപത് മാസത്തിനകം രണ്ട് പ്രതിരോധ വാക്സിൻ തയ്യാറാക്കാൻ ഇന്ന് കഴിഞ്ഞു. ഇത് ചരിത്രപരമാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
Comments